
സ്വന്തം ലേഖിക
ചെന്നൈ: തമിഴ്നാട്ടില്‍ ഭക്ഷണത്തെ ചൊല്ലി വീണ്ടും തല്ലുമാല.
ചിക്കൻറെ ഗ്രേവി കിട്ടാൻ താമസിച്ചതിന് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ തല്ലിച്ചതച്ചു.
തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ ഒരു ഹോട്ടലിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ കുറച്ച് ഗ്രേവി ചോദിച്ചു. അത് നല്‍കാൻ ഇത്തിരി വൈകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ഷുഭിതരായ യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ ചീത്തവിളിക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു.
സംഘര്‍ഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അക്രമികള്‍ പിടിയിലായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കാഞ്ചിപുരം തേറടിയിലെ റോയല്‍ ബിരിയാണി ഹോട്ടലിലാണ് സംഭവം.
ബിരിയാണി കഴിക്കാനെത്തിയ രണ്ട് ചെറുപ്പക്കാര്‍ ചിക്കൻ കറിയുടെ ഗ്രേവി ചോദിച്ചു. തിരക്കിനിടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ ഗ്രേവി നല്‍കാന്‍ വൈകി.
ക്ഷുഭിതരായ ഇരുവരും അടുക്കളയുടെ ഉള്ളില്‍ കയറി ഗ്രേവി എടുക്കാൻ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. ഇതോടെ ജീവനക്കാരെ അസഭ്യം പറഞ്ഞ് ഇരുവരും പുറത്തുപോയി 10 മിനിറ്റിനുള്ളില്‍ രണ്ട് സുഹൃത്തുക്കളെയും കൂട്ടി തിരിച്ചുവന്ന് കസേര എടുത്ത് ഹോട്ടല്‍ ജീവനക്കാരെ ആക്രമിക്കുകയും ഭക്ഷണസാധനങ്ങള്‍ എടുത്തെറിയുകയും ചെയ്തു.
ഇതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ ഭയന്ന് പുറത്തേക്കോടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ചീപുരം പൊലീസ് , സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ തലയ്ക്ക് പരിക്കേറ്റ ബംഗാള്‍ സ്വദേശികളായ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.







