
മൂവാറ്റുപുഴ: സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 43 വർഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു.
സൗത്ത് മാറാടി പാറയില്‍ അമീർ (42)നെയാണ് മൂവാറ്റുപുഴ ജില്ലാ സ്പെഷ്യല്‍ ജഡ്ജ് സമീർ എ. ശിക്ഷ വിധിച്ചത്.
2023 ല്‍ കോലഞ്ചേരി കടമറ്റത്ത് വ്യാജ പേരില്‍ സിദ്ധനായി നടിച്ച് ജ്യോതിഷാലയം നടത്തി വരുകയായിരുന്നു പ്രതി. പേടി മാറ്റുന്നതിനായി പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ രക്ഷിതാക്കള്‍ ജ്യോതിഷാലയത്തില്‍ പൂജ നടത്തുന്നതിനായി കൊണ്ടുവന്ന സമയം പൂജയുടെ മറവില്‍ പ്രതി കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പുത്തൻകുരിശ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു. ഒളിവില്‍ പോയ ഇയാളെ പോലീസ് കാർ പിൻതുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി വാടകയ്‌ക്ക് എടുത്ത് നടത്തിവന്ന കെട്ടിടത്തില്‍ പ്രവർത്തിച്ചു വന്ന ജ്യോതിഷാലയത്തില്‍ നിന്നും നിരവധി വിഗ്രഹങ്ങളും പണവും കണ്ടെത്തിയിരുന്നു.
പുത്തൻകുരിശ് പോലിസ് ഇൻസ്പെക്ടർ ആയിരുന്ന ദിലീഷ്.ടി ആയിരുന്നു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ട് ജമുന പി ആർ ഹാജരായി. അന്വേഷണ സംഘത്തില്‍ കെ.സജീവ് (റിട്ട), മനോജ് കുമാർ, ബിജു ജോണ്‍, എ.എസ്.ഐമാരായ ചന്ദ്ര ബോസ് ,ജിഷാ മാധവൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. എ എസ് ഐ ലേഖ ആയിരുന്നു കോർട്ട് ലെയ്സൻ ഓഫീസർ.







