
ഇയര്ഫോണില്ലാത്ത ഒരു ദിവസം പോലും നിങ്ങൾക്ക് ചിന്തിക്കാനാവുന്നില്ലേ..? എന്നാൽ ഇത്തരക്കാരെ കാത്തിരിക്കുന്നത് വന്‍ ആപത്ത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ…
സ്വന്തം ലേഖിക
കോട്ടയം: പുതിയ തലമുറയ്ക്ക് ഇയര്ഫോണില്ലാത്ത ഒരു ദിവസം പോലും ചിന്തിക്കാനാവില്ല.
പ്രതിവര്‍ഷം 74.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ലോകത്തെ തന്നെ ഏറ്റവും വലിയ വയര്‍ലെസ് ഇയര്‍ഫോണ്‍ വിപണിയാണ് ഇന്ത്യയിലേത്. എന്നാല്‍ ലോകമെങ്ങുമുള്ള ഒരുകോടിയോളം കൗമാരക്കാരെ ആശങ്കയിലാക്കേണ്ട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയര്‍ന്ന തോതില്‍ ഇയര്‍ഫോണുകളും ഇയര്‍ബഡുകളും ഉപയോഗിക്കുന്നത് പുതു തലമുറയില്‍ കേള്‍വി വൈകല്യങ്ങള്‍ക്ക് കാരണമാവുമെന്നാണ് പുതിയ പഠനം പറയുന്നത്. ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ സൗത്ത് കരോലിന മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.
സര്‍ക്കാരുകളുടെ നയങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറുമെന്നാണ് മുന്നറിയിപ്പ്.
പുതിയ തലമുറയില്‍ ഇയര്‍ഫോണുകളും ഇയര്‍ബഡുകളും ഹെഡ്ഫോണുകളുമെല്ലാം ഉപയോഗിക്കുന്നത് സര്‍വ സാധാരണമായി മാറിയിട്ടുണ്ട്. പരിധിയിലും ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടും മറ്റും ഇത്തരം രീതിയില്‍ കേള്‍ക്കുന്നത് കേള്‍വി ശക്തിയെ തന്നെ സാരമായി ബാധിക്കും.
കുട്ടികളില്‍ 75 ഡെസിബെല്ലിനും ചെറുപ്പക്കാരില്‍ 80 ഡെസിബെല്ലിനും ഉയര്‍ന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നത് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ പരിധി തന്നെ കുറഞ്ഞ കാലത്തേക്ക് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
ഹെഡ് ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ 105 ഡെസിബെല്‍ വരെയും സംഗീതനിശ പോലുള്ള പരിപാടി കേള്‍ക്കുമ്പോള്‍ 104 ഡെസിബെല്‍ മുതല്‍ 112 ഡെസിബല്‍ വരെയുമുള്ള ശബ്ദം നമ്മുടെ ചെവിയിലെത്തുന്നുവെന്നാണ് കണക്ക്. ചെവിയിലെ കോശങ്ങളും പാടയും ഞരമ്പുകളും അടക്കമുള്ളവയെ ദോഷകരമായി ബാധിക്കും. താല്ക്കാലികവും സ്ഥിരവുമായ കേള്വിപ്രശ്നങ്ങളിലേക്കാണ് ഇത് നയിക്കുക. ഈ പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ശബ്ദം കുറക്കുക: ഹെഡ്ഫോണും ഇയര്‍ബഡും ഉപയോഗിക്കുമ്പോള്‍ മാത്രമല്ല ടിവി കാണുമ്പോള്‍ അടക്കം ശബ്ദം കുറച്ചു വയ്ക്കുക. ഇയര്‍ബഡുകളിലും ഇയര്ഫോണുകളിലുമെല്ലാം ശബ്ദം കുറച്ചു തന്നെ വയ്ക്കാന്‍ ശ്രദ്ധിക്കുക.
ഹെഡ്ഫോണ്: ഉപയോഗിക്കുന്ന ഹെഡ്ഫോണുകള്‍ക്കുമുണ്ട് പ്രാധാന്യം. ചുറ്റുപാടും നിന്നുള്ള നോയ്സ് തടയുന്ന ഹെഡ്ഫോണുകളെ ഉപയോഗിക്കുക. അപ്പോള്‍ അനാവശ്യമായി ശബ്ദം കൂട്ടിവെച്ച് പുറത്തുനിന്നുള്ള ശബ്ദങ്ങളെ തടയേണ്ടി വരില്ല. ഇയര്‍ ബഡുകളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതം ഹെഡ്ഫോണുകളാണ്. അതുകൊണ്ട് ഹെഡ്ഫോണുകള് ഉപയോഗിക്കാന്‍ ശ്രമിക്കുക.
ഇടവേള: എല്ലാ പ്രവര്‍ത്തികള്‍ക്കും ഇടവേള ആവശ്യമാണ്. പാട്ടു കേള്‍ക്കുമ്പോഴും ഇത് മറക്കരുത്. ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റും ഒരു മണിക്കൂറില്‍ പത്ത് മിനിറ്റും ഇടവേള എടുക്കുക.
ശബ്ദത്തിന് പരിധിവയ്ക്കുക: നിങ്ങള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണിലും മറ്റും ശബ്ദത്തിന്റെ പരിധി വയ്ക്കാനുള്ള സംവിധാനമുണ്ട്. സെറ്റിങ്സില്‍ മ്യൂസിക്കിലെ വോളിയം ലിമിറ്റില്‍ പോയാല്‍ മതിയാകും. ഈ മുന്‍കരുതലുകളെല്ലാം നിങ്ങളെ ഭാവിയില്‍ സംഭവിക്കാനിടയുള്ള കേള്‍വി പ്രശ്നത്തില്‍ നിന്നും രക്ഷിച്ചേക്കാം.