സൈക്കിള്‍ തട്ടിയതിന്റെ പേരിൽ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; ചെവിക്കും തലക്കും പരിക്ക്; രോഗിയാണെന്നും തലയ്ക്ക് അടിക്കരുതെന്ന് അപേക്ഷിച്ചിട്ടും അടി നിര്‍ത്തിയില്ലെന്ന് പരാതി; അയല്‍വാസി അറസ്റ്റില്‍
സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് മേഴത്തൂരില്‍ ഭിന്നശേഷിക്കാരനായ പതിനാലുകാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി.
സൈക്കിള്‍ തട്ടിയതിന്റെ പേരിലാണ് അയല്‍വാസി അലി മര്‍ദ്ദിച്ചത്. ചെവിയ്ക്കും തലയ്ക്കും പരുക്കേറ്റ കുട്ടിയുടെ ആരോഗ്യനില വഷളായതായി കുടുംബം പറയുന്നു. തുടര്‍ ചികിത്സയ്ക്ക് വഴിയില്ലാതെ മാതാപിതാക്കള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയ്ക്കകത്തെ മുഴകള്‍ നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് 9 വര്‍ഷം മുൻപ് കുട്ടി വിധേയനായിരുന്നു. കുട്ടിയുടെ തലയ്ക്ക് യാതൊരു കേടും ഇല്ലാതെ സംരക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കുട്ടിയാണ്. അടിയേറ്റ് കുട്ടി ഛര്‍ദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്തു.
രോഗിയാണെന്നും തലയ്ക്ക് അടിക്കരുതെന്നും പലവട്ടം അപേക്ഷിച്ചിട്ടും അടി നിര്‍ത്തിയില്ലെന്ന് കുട്ടി പറഞ്ഞു. പിന്നീട് ആളുകള്‍ ഓടിക്കൂടി തടയുകയായിരുന്നു.
ചെവിക്ക് അടി കിട്ടിയതിനെ തുടര്‍ന്ന് ചെവിക്ക് വേദനയുള്ളതായി കുട്ടി പറഞ്ഞതായി കുടുംബം വെളിപ്പെടുത്തുന്നു. കുട്ടിയെ മര്‍ദ്ദിച്ച ആള്‍ അയല്‍പക്കത്തുള്ളതാണ്. കുട്ടി രോഗിയാണെന്ന് അറിയാവുന്ന ആളുമാണ്. അസഭ്യം പറഞ്ഞു കൊണ്ടാണ് അടിച്ചത്.
തലക്കടിക്കല്ലേ, അറിയാതെ പറ്റിയതാണ് എന്ന് കുട്ടി പറയുന്നുണ്ടായിരുന്നു. ഇതൊന്നും കേള്‍ക്കാതെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. റോഡിനപ്പുറത്ത് നിന്ന് ആളുകള്‍ ഓടിവന്നു. മേജര്‍ സര്‍ജറി കഴിഞ്ഞയാളാണ് കുട്ടി എന്നും കുടുംബം കൂട്ടിച്ചേര്‍ക്കുന്നു. കുട്ടിയെ മര്‍ദ്ദിച്ച അലിയെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.