
കണ്ണൂർ: സർവകലാശാല കാമ്പസുകളെ രാഷ്ട്രീയവത്കരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ വർധിക്കുന്നത് ഭാവി തലമുറകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാല കാമ്പസിൽ പി.എം. ഉഷ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ഓരോരുത്തർക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ ഉണ്ടാകാമെങ്കിലും അവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിധിക്ക് പുറത്തായിരിക്കണം പ്രകടിപ്പിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ രാഷ്ട്രീയ ബന്ധവും കാമ്പസിന്റെ അതിർത്തിക്ക് പുറത്താണ് സൂക്ഷിക്കുന്നതെന്ന് പറഞ്ഞ ഗവർണർ, സർവകലാശാലകളെയും കാമ്പസുകളെയും രാഷ്ട്രീയ സ്വാധീനങ്ങളിൽ നിന്ന് മുക്തമാക്കേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി. നേരത്തെ മലയാളം സർവകലാശാലയിൽ കാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കുന്നതിനായി പുറത്തിറക്കിയ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിക്കപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







