video
play-sharp-fill
ഗവർണർ വി സി പോര് തുടരുന്നു;സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ചട്ടവിരുദ്ധം, തീരുമാനം റദ്ദാക്കണം, ഗവര്‍ണര്‍ക്ക് വിസിയുടെ കത്ത്

ഗവർണർ വി സി പോര് തുടരുന്നു;സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ചട്ടവിരുദ്ധം, തീരുമാനം റദ്ദാക്കണം, ഗവര്‍ണര്‍ക്ക് വിസിയുടെ കത്ത്

കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കേരള വിസി. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസി ഗവര്‍ണര്‍ക്ക് കത്തയച്ചു. സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന ചാൻസ്‍ലറുടെ നോമിനികളെയാണ് ശനിയാഴ്ച്ച ഗവര്‍ണര്‍ പിൻവലിച്ചത്. ഗവർണര്‍ക്കെതിരെ കോടതിയെ സമീപിക്കാൻ കേരള സർവ്വകലാശാലയിലെ സിപിഎം സെനറ്റ് അംഗങ്ങൾ തീരുമാനിച്ചു. സിപിഎമ്മിന്‍റെ രണ്ട് അംഗങ്ങൾ അടക്കം തന്‍റെ നോമിനികളായ 15 പേരെ കഴിഞ്ഞ ദിവസം ഗവ‍ർണര്‍ പിൻവലിച്ചിരുന്നു. ചാൻസലറുടെ താല്‍പ്പര്യം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ അംഗങ്ങളുടെ വിശദീകരണം തേടാതെയുള്ള നടപടി ചട്ടവിരുദ്ധമാണെന്നാണ് സിപിഎം നിലപാട്. പുറത്താക്കപ്പെട്ട അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കുന്നതിനായി നിയമോപദേശം തേടി. വിസി നിയമനത്തിനുള്ള സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ ചേർന്ന യോഗം ക്വാറം തികയാതെ പിരിയുകയായിരുന്നു. യോഗത്തിൽ നിന്ന് വിട്ടുനിന്നതിനാണ് 15 പേരെ ഗവർണര്‍ പിൻവലിച്ചത്

ചാൻസലര്‍ക്ക് താല്‍പ്പര്യം നഷ്ടമായാൽ അംഗങ്ങളെ പിൻവലിക്കാമെന്ന വ്യവസ്ഥ ചട്ടത്തിലുണ്ട്. പക്ഷേ അപൂർവ്വമായി മാത്രം പ്രയോഗിക്കുന്ന നടപടിക്കാണ് ഗവർണര്‍ ശനിയാഴ്ച്ച തയ്യാറായത്. വിസി നിർണ്ണയ സമിതിയിലേക്കുള്ള സെനറ്റ് നോമിനിയെ നിർദ്ദേശിക്കാനുള്ള ഗവർണറുടെ അന്ത്യശാസനം കേരള സർവ്വകലാശാല നിരന്തരം തള്ളുകയാണ്. ചൊവ്വാഴ്ച ചേർന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിയുകയായിരുന്നു. ഇടത് അംഗങ്ങൾക്കൊപ്പം ചാൻസലറുടെ നോമിനികളായ 15 പേരും വിട്ടുനിന്നിരുന്നു. ഇവരുടെ വിശദാംശങ്ങൾ വിസിയോട് തേടിയാണ് നടപടി എടുത്തത്.

പിൻവലിച്ചതിൽ നാല് വകുപ്പ് മേധാവിമാരുമുണ്ട്. 15 ൽ രണ്ട് പേർ സിണ്ടിക്കേറ്റ് അംഗങ്ങൾ കൂടിയാണ്. അംഗത്വത്തിൽ നിന്നും ഒഴിവാക്കിയെന്നാണ് വിസിയെ രേഖാമൂലം ഗവർണര്‍ അറിയിച്ചത്. അടുത്ത സെനറ്റ് യോഗം നാലിന് ചേരാനിരിക്കെയാണ് ഗവർണറുടെ രണ്ടും കല്‍പ്പിച്ചുള്ള നീക്കം. ഗവർണറുടെ നടപടിയോടുള്ള സർക്കാരിന്‍റെ പ്രതികരണം പ്രധാനമാണ്. നാലിനും തീരുമാനമായില്ലെങ്കിൽ ഗവർണ്ണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി പുതിയ വിസിയെ കണ്ടെത്താനുള്ള നടപടി തുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group