കോട്ടയത്ത് വീണ്ടും ബാംബു കര്‍ട്ടന്‍റെ പേരില്‍ തട്ടിപ്പ് ; കര്‍ട്ടന്റെ ചിലവിനെക്കുറിച്ച് വീട്ടുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കി അവരെ മുതലെടുക്കുകയാണ് സംഘത്തിന്‍റെ പുതിയ രീതി ; കേസെടുത്ത് പോലീസ്
സ്വന്തം ലേഖകൻ
കോട്ടയം: വീണ്ടും ബാംബു കര്‍ട്ടന്‍റെ പേരില്‍ തട്ടിപ്പ്. നിസ്സാര തുകയ്ക്ക് ബാംബൂ കര്‍ട്ടന്‍ (മുളവിരി) നല്‍കാമെന്ന് പറഞ്ഞെത്തുന്ന സംഘം അമിത തുക ഈടാക്കുന്നതായി പരാതി. ചിങ്ങവനത്ത് തട്ടിപ്പുസംഘം ചുറ്റിത്തിരിയുന്നതായുള്ള മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ തട്ടിപ്പ് പുതിയ ഭാവത്തിലായിരിക്കുന്നത്.
പുതുപ്പള്ളി വെട്ടത്തുകവലയിലാണു കൊല്ലത്തുനിന്നെത്തിയ സംഘത്തിന്‍റെ പുതിയ തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്. 1500 രൂപ വില പറഞ്ഞ ബാംബു കര്‍ട്ടന്‍ സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ 17,000 രൂപ വേണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടതായാണു പരാതി. 1500 രൂപയാണ് ഇവര്‍ ബാംബു കര്‍ട്ടന്‍ സ്ഥാപിക്കുന്നതിനായി ആദ്യം ചെലവ് പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കര്‍ട്ടന്‍ സ്ഥാപിച്ചു കഴിഞ്ഞശേഷം 17,000 രൂപ വേണമെന്നായി. ഇത്രയും വലിയ തുകയാണെങ്കില്‍ കര്‍ട്ടന്‍ ആവശ്യമില്ലെന്നു കുടുബം പറഞ്ഞതോടെ ബില്‍ അടിച്ചുപോയെന്നും പണം നല്‍കിയേ പറ്റൂവെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ കേസ് പോലീസ് സ്റ്റേഷനിലേക്കും എത്തി.
ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പോലീസ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ 6500 രൂപ നല്‍കി കേസ് തീര്‍പ്പാക്കുകയായിരുന്നു. വില കുറച്ച് പറഞ്ഞു കര്‍ട്ടന്‍ സ്ഥാപിച്ചശേഷം കൂടുതല്‍ തുക തട്ടിയെടുക്കുന്ന സംഘമാണ് ഇപ്പോള്‍ ജില്ലയില്‍ സജീവമായിരിക്കുന്നത്.
നേരത്തെ ചിങ്ങവനത്ത് സമാനരീതിയില്‍ തട്ടിപ്പ് നടത്തിയ സംഘത്തെപ്പറ്റി ചിങ്ങവനത്തെ വ്യാപാരികള്‍ പരാതി ഉയര്‍ത്തിയിരുന്നു. കര്‍ട്ടന്റെ ചെലവിനെക്കുറിച്ച് വീട്ടുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കുകയാണിവരെന്ന് അനുഭവസ്ഥര്‍ പറയുന്നു.
അടുത്തിടെ കറുകച്ചാലിലും ഇതേ രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു. ഒരിടത്ത് പരാതി ഉയരുമ്പോള്‍ സംഘം മറ്റിടങ്ങളിലേക്ക് കച്ചവടം മാറ്റുകയാണ് രീതി. കടകളില്‍ ചതുരശ്രയടിക്ക് 50 രൂപ മാത്രം വിലയുള്ള ഫൈബര്‍ ബാംബു കര്‍ട്ടനാണ് സംഘം ഉപയോഗിക്കുന്നത്.