Spread the love

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം. മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായതായി അധികൃതർ റിപ്പോർട്ട് ചെയ്തു. ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായത്. യാസാലിയിലെ നീപ്‌കോ കോളനിയിൽ പതിനഞ്ചോളം വീടുകൾ തകർന്നു. ദേശീയപാതയിലെ പാലം ഒലിച്ചു പോയി. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുടുങ്ങിക്കിടന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

video
play-sharp-fill

കനത്ത മഴയ്ക്ക് പിന്നാലെ വെള്ളപ്പൊക്കം രൂക്ഷമായതോടെ രക്ഷാപ്രവർത്തനങ്ങൾ തടസപ്പെട്ടു. പൂസയിലെ നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ (നീപ്കോ) പദ്ധതിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ഒന്നിലധികം മണ്ണിടിച്ചിൽ കാരണം ഒറ്റപ്പെട്ടു. പദ്ധതിയുടെ ഹെലിപാഡ് തകർന്നു, റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടു. മുൻകരുതൽ നടപടിയായി നീപ്കോ അതിന്റെ പവർഹൗസ് താൽക്കാലികമായി അടച്ചുപൂട്ടി. അണക്കെട്ടിൽ നിന്ന് നിയന്ത്രിതമായി വെള്ളം തുറന്നുവിടൽ ആരംഭിച്ചിട്ടുണ്ട്.