
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌ത വടക്കഞ്ചേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി.
പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. ഉമ്മൻചാണ്ടിയുടെ പേരില്‍ സുനില്‍ സത്യപ്രതിജ്ഞ ചെയ്‌തതിനെതിരെ ലഭിച്ച പരാതിയിലാണ് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷനില്‍ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്‌ത 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് പിന്നാലെയാണ് കോടതി നടപടി.
തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗണ്‍സിലർമാർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹെെക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
സിപിഎം കൗണ്‍സിലർ എസ് പി ദീപക്കാണ് ഇതുസംബന്ധിച്ച് ഹെെക്കോടതിയെ സമീപിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ നിയമപരമായി സത്യപ്രതിജ്ഞ ചെയ്യാൻ എതിർകക്ഷികളായ അംഗങ്ങളോട് നിർദ്ദേശിക്കണമെന്നും അതുവരെ ഇവരെ കൗണ്‍സിലില്‍ നിന്ന് വിലക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇവർ വോട്ടുചെയ്തതും ചോദ്യം ചെയ്‌തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികള്‍ തുടങ്ങിയവരുടെ പേരിലായിരുന്നു ബിജെപി കൗണ്‍സിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. ഇത് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 143-ാം വ്യവസ്ഥയുടെ ലംഘനമാണെന്നാണ് ദീപക്കിന്റെ ഹർജിയിലെ വാദം. നിയമപ്രകാരം ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ മാത്രമാണ് അനുവദനീയം.







