
കോഴിക്കോട്: ട്രോളിംഗ് തുടങ്ങും മുമ്പേ കുതിച്ചുയർന്ന് മത്സ്യവില.
ഒരാഴ്ച മുമ്പ് കിലോ 150 രൂപയ്ക്ക് വിറ്റിരുന്ന മത്തി ഒരു കിലോ ലഭിക്കണമെങ്കില്‍ 200-300 മുതല്‍ നല്‍കണം. ചില്ലറ വില്‍പന മാർക്കറ്റുകളിലെത്തുമ്പോള്‍ 10, 20 രൂപയോളം പിന്നെയും കൂടും.
നിലവില്‍ മാസങ്ങളായി മത്സ്യം കിട്ടാത്ത സ്ഥിതിയുണ്ട്. അയലയും മത്തിയും പേരിന് മാത്രമാണിപ്പോള്‍ ലഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവസ്ഥ വ്യതിയാനം മൂലം മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങിയതും തൊഴിലാളി ക്ഷാമവും ഇന്ധന ചെലവ് വർദ്ധിച്ചതുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണങ്ങളായി തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്. ട്രോളിംഗ് ആരംഭിക്കുന്നതോടെ വില ഇനിയും ഉയരും.
നത്തോലി മുതല്‍ അയക്കൂറക്ക് വരെ വില വർദ്ധിച്ചിട്ടുണ്ട്. അയക്കൂറക്ക് കിലോ 1000 മുതല്‍ 1300 വരെയായി. അയല 300 മുതല്‍ 350 വരെയാണ്. ചെമ്മീനിന് 350 മുതല്‍ 500 രൂപവരെയാണ് മാർക്കറ്റ് വിലയുണ്ട്.
പൊതുവെ മാർക്കറ്റില്‍ വലിയ ഡിമാൻഡുള്ള ആവോലി, പഴന്തി, കേദർ തുടങ്ങിയ വലിയ മീനുകളൊന്നും ഇപ്പോള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മത്സ്യത്തിന്റെ വലുപ്പത്തിനനുസരിച്ച് വിലയിലും മാറ്റം വരും.
മത്സ്യലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ ഒരു മാസമായി തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനുകളാണ് പ്രധാനമായും വിപണിയിലെത്തുന്നത്. ഇവയ്ക്കും തീവിലയാണ്.
മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. തമിഴ്നാട്ടില്‍ നിന്നും മറ്റുമുള്ള ബോട്ടുകള്‍ എത്തുന്നത് ഇവിടെയുള്ള മത്സ്യബന്ധന ബോട്ടുകള്‍ക്ക് തിരിച്ചടിയുമാകുന്നുണ്ട്.
മാസങ്ങളായി ബേപ്പൂർ, പുതിയാപ്പ തുടങ്ങിയ ഹാർബറുകളില്‍ നിന്ന് കടലില്‍ പോകുന്നവർക്ക് മത്സ്യം കിട്ടാത്ത സ്ഥിതിയാണ്. ബോട്ടുകളില്‍ നിന്ന് കിട്ടുന്ന മത്സ്യത്തില്‍ ആണെങ്കില്‍ വലിയൊരു ഭാഗം കയറ്റി അയക്കുന്നതിനും മറ്റുമായി കമ്പനികള്‍ ഏറ്റെടുക്കും. ഫ്രീസറിലേക്ക് മാറ്റുന്ന മത്സ്യം മാറ്റി നിർത്തിയാല്‍ വില്‍പനക്ക് ചെറിയൊരു ശതമാനമേ ഉണ്ടാവൂ. ഇതും വില കൂടാൻ കാരണമാവുകയാണ്. വർദ്ധിച്ചു വരുന്ന ഇന്ധന ചെലവും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്.







