കേന്ദ്രസർക്കാരിന്റെകാർഷിക ബില്ലുകൾ കർഷകന്റെ നട്ടെല്ലൊടിക്കും : കർഷക യൂണിയൻ (എം )

കേന്ദ്രസർക്കാരിന്റെകാർഷിക ബില്ലുകൾ കർഷകന്റെ നട്ടെല്ലൊടിക്കും : കർഷക യൂണിയൻ (എം )

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :കേന്ദ്ര സർക്കാർ യാതൊരു ചർച്ചയും കൂടിയാലോചനയും നടത്താതെ ലോകസഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് നടപ്പിലാക്കുന്ന കർഷകാനുബന്ധ ബില്ലുകൾ കാർഷിക മേഖലയുടെ അസ്ഥിത്വത്തെ തന്നെ തകർക്കുന്ന ഒന്നാണെന്ന് കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

കാർഷികോല്പന്ന സംഭരണം, കാർഷികോല്പന്ന വ്യാപാര വാണിജ്യ ബിൽ, കർഷക കരാർ ബിൽ എന്നിവ പ്രവർത്തികമാകുന്നതോടെ കാർഷിക മേഖലയുടെ തകർച്ച പരിപൂർണ്ണമാകും.
കാർഷികമേഖലയുടെ കാലോചിതമായ പരിഷ്കാരമല്ല ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യംവയ്ക്കുന്നത് മറിച്ച് വൻകിട കോർപ്പറേറ്റുകളുടെ ലാഭക്കൊതിയെ പ്രോത്സാഹിപ്പിക്കുക മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച മാന്ദ്യത്തിന് നടുവിലും കർഷകർ പൊരുതി നേടിയ 3.4 ശതമാനം കാർഷിക വളർച്ചയെ കണ്ടില്ലെന്ന് നടിച്ച് രാജ്യ വ്യാപക ചൂഷണത്തിനായി കർഷകരെ കുത്തകകൾക്ക് മുമ്പിൽ വിട്ടു നൽകുകയാണ് കേന്ദ്രസർക്കർ ചെയ്യുന്നത്.

യുപിഎ സർക്കാർ തുടങ്ങിവച്ച തെറ്റായ കാർഷിക നയങ്ങൾ പിന്തുടരുന്ന എൻഡിഎ സർക്കാർ കാർഷിക മേഖലയുടെ നിയന്ത്രണം സംസ്ഥാന സർക്കാരിൽ നിന്നും പരിപൂർണമായി ഏറ്റെടുത്ത് കുത്തകവൽക്കരണം നടപ്പാക്കുവാനാണ് പരിശ്രമിക്കുന്നത്. ഗാട്ട്, ആസിയാൻ, കരാറുകൾ ഇന്ത്യൻ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ കാർഷിക പരിഷ്കരണ ബില്ലുകൾ ഇന്ത്യയുടെ ഹരിത ഭൂപടത്തെ തുടച്ചുമാറ്റും എന്നുറപ്പാണ്.

സ്വാർത്ഥ താൽപര്യത്തിനു വേണ്ടി കുത്തകകൾ ഇന്ത്യയുടെ കാർഷിക മേഖലയെ വിഴുങ്ങുന്ന സാഹചര്യം ഇതോടെ സൃഷ്ടിക്കപ്പെടും. ചെറുകിട കർഷകന് അവൻ ആഗ്രഹിക്കുന്ന വിളകൾ കൃഷി ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യം ഉണ്ടാകും. വൻകിട കോർപ്പറേറ്റുകളുടെ ഉൽപ്പാദന തൊഴിലാളികളായി കർഷകർ മാറിയേക്കാം.

കമ്പോളത്തിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കാർഷികഉൽപ്പന്നങ്ങൾ അമിത വിലയ്ക്ക് വിൽക്കുന്ന സാഹചര്യം ഉണ്ടാകും. ഒരു രാജ്യം, ഒറ്റ വിപണി എന്ന മോഹനവാഗ്ദാനമാണ് കേന്ദ്രസർക്കാർ നൽകുന്നത്. സ്വകാര്യ നിക്ഷേപം വർധിപ്പിക്കുന്നതിനും കരാർ കൃഷി പ്രോത്സാഹിപ്പിക്കുന്നതും മുൻ‌കൂർ പണം നൽകി കർഷകരുമായി കരാർ വെച്ച് കൃഷി ചെയ്യുന്നതും കർഷകർക്ക് ഗുണകരമാണെന്ന പ്രചാരണമാണ് സർക്കാർ നടത്തുന്നത്.

അവശ്യ വസ്തു ഭേദഗതി നിയമം പാസ്സാകുന്നതോടെ ഭക്ഷ്യ സംസ്കരണത്തിനും കയറ്റുമതിക്കുമായി കാര്ഷികോല്പന്നങ്ങൾ പരിധിയില്ലാതെ സംഭരിച്ചു വെക്കുന്നതിന് കാരണമാകും. . മുൻ വർഷങ്ങളിൽ സവോളക്ക് വന്ന വിലക്കയറ്റം ഇതിന് ഒരു ഉദാഹരണം മാത്രമാണ്.

ഓരോ സംസ്ഥാനത്തിന്റെയും ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുസൃതമായ കൃഷിയാണ് ഇപ്പോൾ ചെയ്തു വരുന്നത്. ലാഭം മാത്രം ലക്ഷ്യമാക്കി വൻകിട കുത്തകകൾ കാർഷിക മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതോടെ നമ്മുടെ പ്രകൃതിയുടെ സംതുലനാവസ്ഥ തന്നെ മാറുമെന്നും കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി വിലയിരുത്തി .

കേരള കോൺഗ്രസ് എം പാർട്ടിയുടെ നിർദേശങ്ങൾ അനുസരിച്ച് കോവിഡ് പ്രൊട്ടോക്കോളിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ശക്തമായ സമരപരിപാടികൾക്ക് കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി നേതൃത്വം നൽകും. പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി ഇതുസംബന്ധിച്ചുള്ള പാർട്ടി നിലപാട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. ലോക്സഭയിലും രാജ്യസഭയിലും കേരള കോൺഗ്രസ്-എം ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനെ കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു.

പ്രസിഡന്റ്‌ റെജി കുന്നംകോട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സൂം ആപ്ളിക്കേഷൻ വഴിയുള്ള ഓൺലൈൻ നേതൃയോഗത്തിൽ സംസ്ഥാന ഭാരവാഹികളായ സാം ഈപ്പൻ, കെ പി ജോസഫ്, ജോൺ പുളിക്ക പറമ്പിൽ, അലോഷ്യസ് എബ്രഹാം,ജോയി നടയിൽ, ജോസ് നിലപ്പന, പ്രേംചന്ദ് മാവേലി, സക്കറിയാസ് വലവൂർ, ഇസഡ് ജേക്കബ്, തോമസ് ജോൺ, ജോമോൻ മാമ്മലശ്ശേരി, കോയദ്ദീൻ മാസ്റ്റർ, ജോയി നടുക്കുടി, ജോസ് മുതു കാട്ടിൽ, ബേബി കറുക മാലിൽ, ഏഴംകുളം രാജൻ, സേവ്യർ കളരി മുറി, സിബിച്ചൻ കാളാശ്ശേരി, ജോസ് ഉള്ളാട്ടിൽ വിജയൻ കക്കാട് കുഴി, അൽഫോൻസ് കെ.എഫ്.തുടങ്ങിയവർ പ്രസംഗിച്ചു.