
രാത്രിയിൽ നേരിട്ട് മുഴുവന്‍ ഫാനിന്റെ കാറ്റേറ്റ് ഉറങ്ങുന്നത് അത്ര നല്ലതാണോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ചില മുന്‍കരുതലുകള്‍ നിങ്ങള്‍ എടുക്കണമെന്നാണ്. അവ എന്തൊക്കെയെന്ന് നോക്കാം.
ഫാന്‍ തുടര്‍ച്ചയായി കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ മുറിയിലെ വായുവിലെ ഈര്‍പ്പം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്്. ഇത് നിങ്ങളുടെ ചര്‍മ്മം അമിതമായി വരണ്ടുപോവാന്‍ കാരണമാകുന്നു.
കൂടാതെ, ഉറക്കത്തില്‍ കണ്ണുകള്‍ പൂര്‍ണ്ണമായി അടയാത്തവര്‍ക്ക് കണ്ണ് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടാവുന്നതുമാണ്. വായയും തൊണ്ടയും ഉണങ്ങിപ്പോകുന്നത് പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്പോള്‍ തൊണ്ടവേദനയ്ക്കും കാരണമായേക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുറിയിലുള്ള പൊടിപടലങ്ങളെയും പൂമ്പൊടികളെയും ഒക്കെ വായുവില്‍ നിരന്തരം കറക്കാന്‍ ഫാനിന് കഴിയും. ഇത് സൈനസ് (Sinus), ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.
ഫാനിന്റെ ലീഫുകളില്‍ അടിഞ്ഞുകൂടിയ പൊടി കാറ്റിലൂടെ ശരീരത്തിലേക്ക് എത്തുന്നത് തുമ്മലിനും മൂക്കൊലിപ്പിനും കാരണമാകുന്നു.
ഫാനില്‍ നിന്നുള്ള തണുത്ത കാറ്റ് ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം കേന്ദ്രീകൃതമായി പതിക്കുമ്പോള്‍ ആ ഭാഗത്തെ പേശികള്‍ വലിഞ്ഞു മുറുകാനുള്ള സാധ്യത വളരെ കൂടുതലാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന കഴുത്തുവേദന, തോളുവേദന എന്നിവയ്ക്ക് പ്രധാന കാരണം ഈ തണുത്ത കാറ്റാണ്.
തുടര്‍ച്ചയായി നേരിട്ട് കാറ്റേല്‍ക്കുന്നത് മൂക്കിലെയും തൊണ്ടയിലെയും ദ്രവങ്ങള്‍ (Mucus) -നനവ് ഉണങ്ങിപ്പോവാന്‍ ഇടയാക്കും. ഇത് സൈനസ് അറകളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും തലവേദനയിലേക്ക് നയിക്കുകയും ചെയ്യും.
നേരിട്ട് കാറ്റേല്‍ക്കരുത്- ഫാന്‍ നിങ്ങളുടെ ശരീരത്തിലേക്ക് നേരിട്ട് അടിക്കുന്ന രീതിയില്‍ കിടക്കരുത്. വായു മുറിയിലുടനീളം സഞ്ചരിക്കത്തക്ക രീതിയില്‍ ക്രമീകരിക്കുക.
വൃത്തിയാക്കുക- ഫാന്‍ ലീഫുകളിലെ പൊടി കൃത്യസമയത്ത് തുടച്ചുനീക്കുക. ഇത് അലര്‍ജി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
റൊട്ടേറ്റിങ് ഫാനുകള്‍- ഒരു വശത്തേക്ക് മാത്രം കാറ്റ് അടിക്കുന്നതിന് പകരം കറങ്ങുന്ന തരം (Oscillating) ഫാനുകള്‍ ഉപയോഗിക്കുന്നത് പേശിവേദന കുറയ്ക്കുന്നതാണ്.
ടൈമര്‍ സെറ്റ് ചെയ്യുക- മുറി തണുത്തുകഴിഞ്ഞാല്‍ തനിയെ ഓഫ് ആവാനോ സ്പീഡ് കുറയാനോ ടൈമര്‍ സംവിധാനം ഉപയോഗിക്കാം.
അതായത്, ഫാന്‍ ആരോഗ്യത്തിന് ദോഷകരമല്ല, എന്നാല്‍ അത് ഉപയോഗിക്കുന്ന രീതി തെറ്റിയാല്‍ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ശരിയായ മുന്‍കരുതലുകള്‍ എടുത്താല്‍ സുഖമായി ഉറങ്ങാം.



