
ഫാൻസി മൊബൈൽ നമ്പർ നല്കാമെന്ന് പറഞ്ഞ് തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ; ഇന്റർനെറ്റിൽ വലയെറിഞ്ഞു കാത്തിരിക്കുന്ന മാഫിയ സംഘം; കൊതിപ്പിക്കുന്ന നമ്പരുകൾ വാട്‌സ്അപ്പിൽ തീർക്കുന്നത് കെണി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഫാൻസി നമ്പരിന്റെ പേരിൽ വലയെറിയുന്ന മാഫിയ സംഘം തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ. രാജേഷ് കാന്തിലാൽ വാല എന്നയാളുടെ ഗൂഗിൾഅക്കൗണ്ട് വഴിയാണ് വൻ തട്ടിപ്പ് നടക്കുന്നത്. വാട്‌സ്അപ്പിലൂടെ വിവിധ മൊബൈൽ സേവന ദാതാവിന്റെ അടിപൊളി ഫാൻസി നമ്പർ തങ്ങളുടെ കൈകളിലുണ്ടെന്ന് വ്യക്തമാക്കിയാണ് സന്ദേശം ലഭിക്കുന്നത്.
1500 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് ഒരു നമ്പരിന് ഫീസായി ഈടാക്കുന്നത്. പത്തോ അതിലധികമോ ഫാൻസി നമ്പരുകൾ ഇവർ ഉപഭോക്താവിനെ വാട്സ് ആപ്പിലേക്ക് അയക്കും . ഇതിൽ നിന്നും ഏതു നമ്പർ വേണമെങ്കിലും ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഈ നമ്പർ ബുക്ക് ചെയ്യുകയാണെങ്കിൽ സിം കാർഡ് കൊറിയറിൽ അയച്ചു നൽകുമെന്നാണ് വാഗ്ദാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്പര്യമുണ്ടെങ്കിൽ പണം രാജേഷിൻ്റെ ഗൂഗിൾ പേ വഴി അടച്ചു നൽകാൻ നിർദേശിക്കും. ഇത്തരത്തിൽ പണം അയച്ചു നൽകിക്കഴിഞ്ഞാൽ പിന്നെ തട്ടിപ്പുകാരന്റെ പൊടിപോലും കാണില്ല. രാജേഷ് കാന്തിലാൽ എന്നയാളുടെ വാട്‌സ്അപ്പ് നമ്പർ ഉപയോഗിച്ച് കോട്ടയത്ത് സമാന രീതിയിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഏതാണ്ട് ആയിരത്തോളം ആളുകളിൽ നിന്നാണ് ഫാൻസി നമ്പർ തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഫാൻസി നമ്പറിന്റെ പേരിൽ മാഫിയ സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
88831 41414 എന്ന നമ്പരിൽ നിന്നാണ് ഫാൻസി നമ്പർ നല്കാകാമെന്ന് പറഞ്ഞ് വാടസ് അപ്പ് സന്ദേശം എത്തുന്നത്. ജില്ലയിൽ നിന്നും ലക്ഷക്കണക്കിന് രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന വിവരം