യൂറോ കപ്പ് 2024; ഗോൾഡൻ ബൂട്ട് പങ്കിടാൻ ആറ് താരങ്ങള്‍
സ്വന്തം ലേഖകൻ
മ്യൂണിക്: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഗോൾഡൻ ബൂട്ട് പങ്കിടാൻ ആറ് താരങ്ങൾ. ഇംഗ്ലണ്ട്-സ്പെയിൻ ഫൈനലിൽ ഹാരി കെയ്നോ ഡാനി ഓൾമോയോ വലചലിപ്പിച്ചാൽ ഗോൾഡൻ ബൂട്ട് മത്സരം ഇവരിലേക്ക് ചുരുങ്ങും. നെതർലൻഡ്സിന്റെ കോഡി ഗാക്പോ, ജർമ്മനിയുടെ ജമാൽ മുസിയാല, സ്ലൊവാക്യയുടെ ഇവാൻ ഷ്രാൻസ്, ജോർജിയയുടെ ജോർജസ് മികൗടഡസ എന്നിവരാണ് ഗോൾഡൻ ബൂട്ടിനായി മത്സരത്തിലുള്ള മറ്റു താരങ്ങൾ. എല്ലാവരും ഇപ്പോൾ മൂന്ന് ഗോളുകളാണ് നേടിയിട്ടുള്ളത്.
ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംങ്ഹാമിനും സ്പെയിനിന്റെ ഫാബിയൻ റൂയിസിനും രണ്ട് ഗോളുകൾ വീതം നേടി ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ തൊട്ടുപിന്നിലുണ്ട്. 2020ലെ യൂറോ കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായിരുന്നു ഗോൾഡൻ ബൂട്ട് പുരസ്കാരം. റൊണാൾഡോയ്ക്കൊപ്പം ചെക്ക് റിപ്പബ്ലിക്ക് താരം പാട്രിക് ഷിക്കും അഞ്ച് ഗോൾ വീതം നേടിയിരുന്നു. എങ്കിലും ഒരു അസിസ്റ്റ് ബലത്തിൽ പോർച്ചുഗീസ് താരത്തിന് ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂലൈ 15ന് രാത്രി 12.30നാണ് യൂറോ കപ്പിന്റെ ഫൈനൽ. യുവേഫ നേഷൻസ് ലീഗിന് പിന്നാലെ യൂറോ കപ്പും സ്വന്തമാക്കാൻ തയ്യാറെടുക്കുകയാണ് സ്പെയിൻ. എന്നാൽ വർഷങ്ങൾ നീണ്ട കിരീട ദാരിദ്രത്തിന് അന്ത്യമിടുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. കഴിഞ്ഞ യൂറോയിലും ഇംഗ്ലണ്ട് ഫൈനലിൽ എത്തിയിരുന്നെങ്കിലും ഇറ്റലിയോട് പരാജയപ്പെട്ടു.