പോലീസ് പിടിമുറുക്കി; ഏറ്റുമാനൂരിൽ പച്ചക്കറിവില കുത്തനെ ഇടിഞ്ഞു
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: പ്രളയത്തിന്റെ മറവിൽ പച്ചക്കറിക്ക് അന്യായവില വാങ്ങി പൊതുജനത്തെ കൊള്ളയടിക്കാനുള്ള കച്ചവടക്കാരുടെ തന്ത്രത്തിന് കൂച്ചുവിലങ്ങിട്ട് ഏറ്റുമാനൂർ പൊലീസ്. കൃത്രിമ ക്ഷാമമുണ്ടാക്കി, പച്ചമുളകിന് 300 രൂപയാണ് കിലോയ്ക്ക് ഈടാക്കിയിരുന്നത്. തക്കാളിക്ക് നൂറു രൂപയും, സവോളയ്ക്ക് അറുപത് രൂപയും അമിത വില ഈടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഏറ്റുമാനൂർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഏറ്റുമാനൂരിലെ പച്ചക്കറി കടകളിൽ വ്യാപക പരിശോധന നടത്തി. കടകളുടെ മുന്നിൽ വില വിവരപ്പെട്ടിക പ്രദർശിപ്പിക്കുന്നതിനും പച്ചക്കറി വാങ്ങുന്നവർക്കെല്ലാം കടകളിൽ നിന്നു ബിൽ നൽകാനും കർശന നിർദേശം നൽകി. എല്ലാ ദിവസവും മാർക്കറ്റിൽ പരിശോധന ഉണ്ടാകുമെന്നും ഏറ്റുമാനൂർ സ്‌റ്റേഷന്റെ പരിധിയിൽ അന്യായവില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ കേസെടുക്കുമെന്നും ഏറ്റുമാനൂർ സി.ഐ എ.ജെ തോമസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. അന്യായവിലയ്ക്ക് പച്ചക്കറിയോ മറ്റു നിത്യോപയോഗ സാധനങ്ങളോ വിൽക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഏറ്റുമാനൂർ സി.ഐ യെ നേരിട്ട് വിളിക്കാവുന്നതാണ്. ഫോൺ: 9497987075