ഏറ്റുമാനൂരിൽ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ : യുവാവിന് പരിക്ക് ; അതീവ ജാഗ്രതയിൽ പൊലീസ്

ഏറ്റുമാനൂരിൽ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ : യുവാവിന് പരിക്ക് ; അതീവ ജാഗ്രതയിൽ പൊലീസ്

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : ഒരിടവേളയ്ക്ക് ശേഷം ഏറ്റുമാനൂർ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനും കുടിപ്പക തീർക്കുന്നതിനുമുള്ള വേദിയായി മാറുന്നു. ഏറ്റുമാനൂരിൽ അരമണിക്കൂർ വ്യത്യാസത്തിൽ വ്യാഴാഴ്ച്ച രണ്ട് ഗുണ്ടാ ആക്രമണങ്ങളാണ് നടന്നത്. രാത്രി 8.45 ന് ക്വൊട്ടേഷൻ സംഘം പത്ര വ്യാപാരി റോയിയെ തലയ്ക്കടിച്ച് വീഴ്ത്തി കൊല്ലാൻ ശ്രമിച്ചപ്പോൾ മറ്റൊരു യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്വദേശി ജഗൻ ഫിലിപ്പിനെയാണ് ( 33 ) ഗുണ്ടാസംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച്ച രാത്രി ഒൻപതേകാലോടെ മനയ്ക്കപ്പാടം മേൽപ്പാലത്തിന് അടിയിൽ വച്ചാണ് ജഗനെ ഗുണ്ടാസംഘം ആക്രമിച്ചത്. രാത്രി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ജഗനെ വഴിയിൽ പതിയിരുന്ന ക്വൊട്ടേഷൻ സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. മുഖത്തും കണ്ണിലും തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ക്രൂരമായി മർദ്ദനമേറ്റ ജഗൻ ഏറ്റുമാനൂർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സംഘം എത്തിയാണ് ഇയാളെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ദിവസം മുൻപ് തന്നെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ഗുണ്ടാസംഘം ശ്രമിച്ചിരുന്നതായി ജഗൻ പൊലീസിന്ന മൊഴി നൽകി. സംഭവത്തിൽ ജഗന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് അരമണിക്കൂർ മുൻപാണ് ബൈക്കിലെത്തിയ ക്വൊട്ടേഷൻ സംഘം ഏറ്റുമാനൂരിലെ വസ്ത്രവ്യാപാരി റോയിയെ തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപ്പെട്ടത്. രണ്ടാക്രമണങ്ങൾക്ക് പിന്നിലും ക്വൊട്ടേഷൻ സംഘങ്ങൾ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. രണ്ട് ദിവസം  മുൻപാണ് ഏറ്റുമാനൂരിലെ ഓട്ടോഡ്രൈവറെ ഓട്ടം വിളിച്ച് വന്നതിന് ശേഷം ആർപ്പൂക്കര പനമ്പാലത്ത് വച്ച് ക്രൂരമായി ആക്രമിച്ചത്. ഈ കേസിൽ പ്രതികളുടെ അറസ്റ്റ്് ഇതുവരെ ഉണ്ടാകാതിരിക്കെയാണ് പുതിയ ഗുണ്ടാ ആക്രമണം ഉണ്ടായിരിക്കുന്നത്.