കോഴിക്കോട് മിലിട്ടറി ക്യാമ്പിലേക്ക് ഭക്ഷണം ഓർഡർ ചെയ്ത് ഹോട്ടലുകാരനെ പറ്റിച്ചു

കോഴിക്കോട് മിലിട്ടറി ക്യാമ്പിലേക്ക് ഭക്ഷണം ഓർഡർ ചെയ്ത് ഹോട്ടലുകാരനെ പറ്റിച്ചു

 

സ്വന്തം ലേഖകൻ

കോഴിക്കോട്: ഹോട്ടലുകളിൽനിന്നു പാഴ്സലായി ഭക്ഷണം വാങ്ങാൻ ഫോണിൽ ഓർഡർ ചെയ്തശേഷം എ.ടി.എം. നമ്പർ കൈക്കലാക്കി പണം തട്ടിപ്പ്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാമ്പാറയിലും ആനക്കാംപൊയിലിലുമാണ് എ.ടി.എം. നമ്പറും ഒ.ടി.പിയും വാങ്ങി പണം തട്ടിയെടുത്തത്.

പുല്ലൂരാംപാറ പള്ളിപ്പടിയിലെ ഗ്രീൻ ചില്ലി ഹോട്ടൽ ഉടമയ്ക്ക് 20,000 രൂപ നഷ്ടമായി. 3800 രൂപയുടെ ഭക്ഷണവും ഇവർ ഓർഡർ ചെയ്തിരുന്നു. ഇതും നഷ്ടമായി. മിലിട്ടറി ക്യാമ്പിലേക്കു ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണു ഹോട്ടലുടമകൾക്കു ഫോൺ വിളി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പിലേക്കാണു ഭക്ഷണമെന്നും എ.ടി.എം. കാർഡ് നമ്പർ തന്നാൽ പണം അക്കൗണ്ടിലേക്ക് ഇടാമെന്നും പറഞ്ഞു. കോൾ വന്ന നമ്പറിലെ വാട്സാപ് പ്രൊഫൈലിൽ പട്ടാള വേഷത്തിലുള്ളവരുടെ ചിത്രങ്ങൾ കണ്ടതിനാൽ ഹോട്ടലുടമകൾ എ.ടി.എം. നമ്പർ കൈമാറി. തുടർന്ന് ഒ.ടി.പിയും ചോദിച്ചുവാങ്ങി.

ഇതിനു പിന്നാലെയാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടത്. മൂന്നു തവണയായിട്ടാണ് പണം പിൻവലിച്ചത്. ഹരിയാനയിലെ ഗാർഗൂൺ എന്ന സ്ഥലത്തുനിന്നാണ് പണം പിൻവലിച്ചിരിക്കുന്നത് എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.എ.ടി.എം. നമ്പർ നൽകിയതോടെ ഫോൺ പ്രവർത്തന രഹിതമായെന്നും ഗ്രീൻ ചില്ലി ഹോട്ടലുടമ ആന്റോ ജോസഫ് പറഞ്ഞു.

6266920 315 നമ്പറിൽ നിന്നാണ് കോൾ വന്നത്. സംഭവത്തെക്കുറിച്ച് തിരുവമ്പാടി പോലീസ് അന്വേഷണമാരംഭിച്ചു.പുല്ലൂരാംപാറയിലെ കെ.ടി.ഡി.സി. ഹോട്ടലിൽനിന്നും ആനക്കാംപൊയിലിലെ ബ്രദേഴ്സ് ഹോട്ടലിൽനിന്നും ഭക്ഷണം ഓർഡർ ചെയ്തിരുന്നെങ്കിലും സംശയം തോന്നിയതിനാൽ പണം ഇല്ലാത്ത എ.ടി.എം. നമ്പറാണ് അവർ നൽകിയത്.ഇതോടെ ഇവർക്ക് പാഴ്സലായി എടുത്തുവച്ച ഭക്ഷണം മാത്രമാണ് നഷ്ടമായതന്ന് ബ്രദേഴ്സ് ഹോട്ടലുടമ മൂസ പറഞ്ഞു.