തെരഞ്ഞെടുപ്പിൽ കുഞ്ഞൂഞ്ഞും ചെന്നിത്തലയും മത്സരിക്കും..! വിജയിച്ചാൽ മുഖ്യമന്ത്രി ആരെന്ന തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം മാത്രം ; പ്രചാരണത്തിനായി ഹൈക്കമാൻഡിൽ നിന്നും എ.കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ കേരളത്തിലേക്ക്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും മത്സരിക്കും. ഉമ്മൻചാണ്ടി കൂടി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഇതോടെ ഇത്തവണ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മത്സരിക്കാൻ രംഗത്ത് ഉണ്ടാവും.
എന്നാൽ മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നും ആണ് ഹൈക്കമാൻഡ് തീരുമാനം.രമേശ് ചെന്നിത്തല മാത്രം മത്സരിക്കുമെന്നും ഉമ്മൻചാണ്ടിയുടെ സീറ്റ് മകന് നൽകുമെന്നും ഉൾപ്പടെയുളള അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടി കൂടി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേരുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ തത്ക്കാലം നേതാവ് ആരാണെന്ന ധാരണ വേണ്ട. രണ്ട് നേതാക്കളും മത്സരിച്ച് തിരഞ്ഞെടുപ്പ് വിജയിച്ച് വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്നാണ് ഹൈക്കമാൻഡ് സംസ്ഥാന നേതാക്കളെ അറിയിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പ്രചാരണത്തിൽ ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലുണ്ടാകും.പ്രചാരണത്തിനായി എ കെ ആന്റണി ഉൾപ്പടെയുളള മുതിർന്ന നേതാക്കൾ കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും ആന്റണി കേരളത്തിലെത്തുക.
ഉമ്മൻചാണ്ടി പുതുപ്പളളിയിൽ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും തന്നെയാകും ജനവിധി തേടുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ആരാണ് മുഖ്യമന്ത്രിസ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രിയായിരുന്ന്, ഉമ്മൻചാണ്ടി തന്നെയാണ് യു ഡി എഫിനെ നയിച്ചത്. എന്നാൽ ഇത്തവണ അങ്ങനെയല്ല സ്ഥിതി. രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷനേതാവ്. അതുകൊണ്ട് തന്നെ ചെന്നിത്തല തന്നെയാണോ മുഖ്യമന്ത്രിസ്ഥാനാർത്ഥിയെന്ന ചോദ്യങ്ങളാണ് ഉയർന്നിരുന്നത്.