
തിരുവനന്തപുരം: സുധീരൻ വീണ്ടും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള ബജറ്റ് നിർദ്ദേശം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് സുധീരൻ ‘തുറന്ന കത്ത്’ നല്‍കിയതോടെ, പാർട്ടിക്കുള്ളില്‍ അദ്ദേഹത്തിന്റെ പിടിവാശി സ്വഭാവത്തിനെതിരെ കടുത്ത അമർഷമാണ് ഉയരുന്നത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് സുധീരൻ കാണിച്ച കടുംപിടുത്തവും ബാറുകള്‍ പൂട്ടിച്ചതുമാണ് അന്ന് മുന്നണിയുടെ തകർച്ചയ്ക്ക് വഴിവെച്ചതെന്ന യാഥാർത്ഥ്യം നിലനില്‍ക്കെയാണ് പുതിയ ‘തുറന്ന കത്ത്’ നാടകം.
ബജറ്റില്‍ നിർദ്ദേശം വന്നപ്പോള്‍ തന്നെ വിയോജിപ്പ് അറിയിച്ചിരുന്ന സുധീരൻ, ഇപ്പോള്‍ വീണ്ടും വിഷയം കടുപ്പിച്ച് സർക്കാരിനെതിരെ രംഗത്തുവരുന്നത് സ്വന്തം പാർട്ടിയെയും ഭരണത്തെയും പിന്നില്‍ നിന്ന് കുത്തുന്നതിന് തുല്യമാണ്.
സംസ്ഥാനത്തിന്റെ നികുതിയേതര വരുമാന മാർഗ്ഗങ്ങളെയും സാമ്പത്തിക യാഥാർത്ഥ്യങ്ങളെയും പൂർണ്ണമായി തള്ളിക്കളയുന്നതാണ് സുധീരന്റെ ഈ പഴയകാല കടുംപിടുത്തമെന്ന രീതിയില്‍ കടുത്ത വിമർശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണാടകവും ഇത്തരം പ്രായോഗിക നയങ്ങളിലൂടെ വലിയ തോതില്‍ വരുമാനം കൊയ്യുമ്പോള്‍, കേരളത്തെ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് സുധീരന്റെ ഈ നിലപാടുകള്‍.
സംസ്ഥാനത്ത് വിപണി സാധ്യതകളും നികുതി വരുമാനവും വർദ്ധിപ്പിക്കാൻ സർക്കാർ കൊണ്ടുവരുന്ന പ്രായോഗിക നപടികളെപ്പോലും തടസ്സപ്പെടുത്തുന്ന രാഷ്ട്രീയ നാടകമാണ് ഇപ്പോള്‍ നടക്കുന്നത്. വീര്യം കുറഞ്ഞ പാനീയങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിലൂടെ കൂടുതല്‍ വരുമാനം ഖജനാവിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
എന്നാല്‍ ഇതിനെതിരെ കടുപ്പിച്ചു രംഗത്തുവന്ന സുധീരൻ, ഇത് സമൂഹത്തെ തകർക്കുമെന്ന പരമ്പരാഗതമായ വാദങ്ങള്‍ മാത്രമാണ് കത്തില്‍ ഉന്നയിക്കുന്നത്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാത്ത സുധീരൻ, പാർട്ടിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകുമ്പോഴോ സ്വന്തം സർക്കാർ അധികാരത്തില്‍ വരുമ്പോഴോ കൃത്യമായി രംഗത്തിറങ്ങി പാരവെയ്ക്കുകയാണ് പതിവ് ശൈലി.ഇത് പാർട്ടിയെ നന്നാക്കാനല്ല, മറിച്ച് സ്വന്തം വ്യക്തിപരമായ ഇമേജ് നിലനിർത്താൻ മാത്രമാണെന്ന ആക്ഷേപം ശക്തമാണ്.







