
തിരുവനന്തപുരം: ആറ്റുകാലില്‍ ഭർതൃപീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി പൊലീസ്.
വർക്കല സ്വദേശിനി ആരതിയെ (27) വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അതുലിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി.
ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അതുല്‍ ആരതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയിരുന്നുവെന്നും, ഇതിന്റെ ദൃശ്യങ്ങള്‍ ആരതി തന്നെ അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
വിവാഹസമയത്ത് നല്‍കിയ 50 പവൻ സ്വർണം അതുല്‍ പല ഘട്ടങ്ങളിലായി പണയം വെച്ചതും പണം ആവശ്യപ്പെട്ടുള്ള പീഡനവും കുടുംബപ്രശ്നങ്ങള്‍ക്ക് കാരണമായി. കൂടാതെ, അതുലിന് മറ്റു ബന്ധങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത് തർക്കങ്ങള്‍ രൂക്ഷമാക്കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി ഇവർ തമ്മില്‍ കടുത്ത വഴക്കുണ്ടാകുകയും അതുല്‍ ആരതിയെ മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിന് ശേഷം അതുല്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ സമയത്താണ് ആരതി ജീവനൊടുക്കിയത്. അമ്മയുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ആരതി കടുംകൈ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അതുലിന്റെ മുൻ വിവാഹനിശ്ചയം മുടങ്ങിയതിനെ തുടർന്ന് മറ്റൊരു യുവതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഈ വിവരം ആരതിയുടെ കുടുംബത്തിന് അറിയാമായിരുന്നില്ല. ആറു മാസം മുൻപാണ് ഇവർ വാടകവീട്ടിലേക്ക് താമസം മാറിയത്.
സംഭവത്തില്‍ ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ ആരതിയുടെ ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആരതിയുടെ ആത്മഹത്യാകുറിപ്പും ഡയറിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോർട്ട് പൊലീസാണ് അന്വേഷണം ആരംഭിച്ചത് .







