സർക്കാരിനെതിരെ ക്രൈസ്തവ സഭകൾ :  മദ്യനയം വികലമാക്കിയവർക്ക് മാപ്പില്ല: സംയുക്ത ക്രൈസ്തവ മദ്യവർജ്ജന സമിതി

സർക്കാരിനെതിരെ ക്രൈസ്തവ സഭകൾ : മദ്യനയം വികലമാക്കിയവർക്ക് മാപ്പില്ല: സംയുക്ത ക്രൈസ്തവ മദ്യവർജ്ജന സമിതി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രകടന പത്രികയിലൂടെ വാഗ്ദാനം ചെയ്ത മദ്യനയത്തെ അട്ടിമറിച്ച സർക്കാരിന് മാപ്പില്ല എന്ന് സംയുക്ത ക്രൈസ്തവ മദ്യവർജ്ജന സമിതി സി.എസ്.ഐ ജേക്കബ് മെമ്മോറിയൽ ഹാളിൽ നടത്തിയ ‘മയപ്പെടുത്തരുത് മദ്യനയം’ എന്ന ക്രൈസ്തവ മേലദ്ധ്യക്ഷ സംഗമത്തിൽ പ്രഖ്യാപിച്ചു.

മദ്യനയത്തിൽ ഇതുപോലെ ജനവഞ്ചന കാണിച്ച ഒരു സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ല എന്നും മദ്യപിക്കുന്നവന്റെ കരളിന്റെ വിലയിൽ വികസന പ്രവർത്തനം സ്വപ്നം കണ്ടവർക്ക് ചരിത്രം മാപ്പു കൊടുക്കില്ല എന്നും യോഗം വിലയിരുത്തി. പഞ്ചായത്ത് നഗരപാലിക ബില്ലിലെ യഥാക്രമം 232, 447 വകുപ്പുകൾ വെള്ളം ചേർക്കാതെ നടപ്പിലാക്കാമെന്നു എഴുതി ചേർക്കുകയും അത് ഇച്ഛാശക്തിയോടെ നടപ്പിലാക്കാമെന്നും അതിലൂടെ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്യുന്ന മുന്നണികളുടെ വിജയത്തിനായി സമിതി പ്രതിജ്ഞാബദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമിതി പ്രസിഡന്റ് ബിഷപ് മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിച്ചു. ക്നാനായ അതിഭദ്രാസന ആർച്‌ബിഷപ്പ് കുരിയാക്കോസ് മാർ സേവേറിയോസ് സമരജ്വാല തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തി. സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ മുന്നണികൾക്ക് നൽകുവാൻ തയ്യാറാക്കിയ തുറന്ന കത്ത് ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രകാശനം ചെയ്തു.

ബിഷപ്പുമാരായ റൈറ്റ് റവ. വി. എസ്. ഫ്രാൻസിസ്, മാർ തോമസ് തറയിൽ, ഡോ. ഗീവർഗീസ് മാർ അപ്രേം, സിസ്റ്റർ ജൊവാൻ ചുങ്കപ്പുര, ഡോ. അശോക് അലക്സ് ഫിലിപ്പ്, സമിതി ജനറൽ സെക്രട്ടറി റവ. അലക്സ് പി ഉമ്മൻ, കോശി മാത്യു, റവ. ഡോ. റ്റി. റ്റി സഖറിയ, റവ. തോമസ് പി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന സമിതിയുടെ വാർഷികാഘോഷത്തിൽ ഈ വർഷത്തെ മികച്ച ലഹരിവിരുദ്ധ പ്രവർത്തകർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.

വെരി. റവ. കുര്യാക്കോസ് പാറക്കൽ കൊർ എപ്പിസ്‌കോപ്പ മെമ്മോറിയൽ അവാർഡ് ബിഷപ് ഡോ. ഉമ്മൻ ജോർജ്ജ്, വെട്ടം തോമസ് മെമ്മോറിയൽ അവാർഡ് ഡോ. എഫ്. എം ലാസർ, ഫാ. ജോർജ്ജ് കോലത്ത് മെമ്മോറിയൽ അവാർഡ് സേബാ ഷിജി, വെരി റവ. എം. റ്റി. തര്യൻ മെമ്മോറിയൽ അവാർഡ് റോജിൻ എം. രാജൻ എന്നിവർക്ക് സമ്മാനിച്ചു.