video
play-sharp-fill

ലഖിംപൂര്‍ ഖേഡിയിലെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി;  മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറസ്റ്റിലെന്ന് കോണ്‍ഗ്രസ് നേതൃത്വം;  ഇല്ലെന്ന് പൊലീസ്;  മന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന്  കിസാന്‍ മോര്‍ച്ച;  അന്വേഷണത്തിന് ഉത്തരവിട്ട് യോഗി സര്‍ക്കാര്‍;  രാജ്യവ്യാപക പ്രതിഷേധം

ലഖിംപൂര്‍ ഖേഡിയിലെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി; മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറസ്റ്റിലെന്ന് കോണ്‍ഗ്രസ് നേതൃത്വം; ഇല്ലെന്ന് പൊലീസ്; മന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് കിസാന്‍ മോര്‍ച്ച; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി സര്‍ക്കാര്‍; രാജ്യവ്യാപക പ്രതിഷേധം

Spread the love

സ്വന്തം ലേഖിക

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ കര്‍ഷകസമരത്തിനിടെയുണ്ടായ സംഘര്‍ഷം ശക്തമാകുകയാണ്. സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

എന്നാൽ മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുമ്പോഴും പ്രിയങ്ക പൊലീസ് കസ്റ്റഡിയില്‍ ആണെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. ഇത് സംഘര്‍ഷ സാധ്യത കൂട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയുണ്ടായ ദുരന്തത്തില്‍ 15 പേര്‍ക്കാണ് പരിക്കേറ്റത്. സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് രണ്ടുപേര്‍ സ്ഥലത്തുവെച്ചും രണ്ടുപേര്‍ പിന്നീടും ഒരാള്‍ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചതായി കര്‍ഷകനേതാവ് റിച്ചസിങ് പറഞ്ഞു.

ലവ്പ്രീത് സിങ് (20), നച്ചത്തര്‍ സിങ് (60), ദല്‍ജീത് സിങ് (35), ഗുര്‍വീന്ദര്‍ സിങ് (19) എന്നീ കര്‍ഷകരാണ് മരിച്ചത്. ഇതില്‍ ഗുര്‍വീന്ദര്‍ സിങ്ങാണ് വെടിയേറ്റു മരിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു.

കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയും സംഘവുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, നാലു കര്‍ഷകരും വാഹനത്തിലുണ്ടായിരുന്ന നാലുപേരുമാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കര്‍ഷക സംഘടനകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കര്‍ഷക നേതാവ് രാകേഷ് ടികായത്തും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും യുപിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. എട്ട് കര്‍ഷകര്‍ക്ക് പരുക്കേറ്റതായി കര്‍ഷക സംഘടനകള്‍ പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ താന്‍ ദുഃഖിതനാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരായ സമരത്തിന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ വിവാദം. അതുകൊണ്ട് തന്നെ ഇത് രാജ്യത്തുടനീളം വ്യാപിക്കാനും സാധ്യതയുണ്ട്.

ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ടികോനിയ-ബംബിര്‍പുര്‍ റോഡിലാണ് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അപകടത്തെത്തുടര്‍ന്ന് രോഷാകുലരായ കര്‍ഷകര്‍ രണ്ടു വാഹനങ്ങള്‍ക്ക് തീയിട്ടു. വാഹനങ്ങള്‍ തടഞ്ഞ് കര്‍ഷകര്‍ യാത്രക്കാരെ മര്‍ദിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

എന്നാല്‍, സംഭവം നടക്കുമ്പോള്‍ തന്റെ മകന്‍ ആശിഷ് അവിടെ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി അജയ് മിശ്ര പറഞ്ഞു.

മന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസുകള്‍ക്കു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധിക്കും.

കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയുള്ളതിനാല്‍ കരിങ്കൊടി പ്രതിഷേധം നടത്താനായിരുന്നു അവര്‍ വന്നിറങ്ങുന്ന ഹെലിപാഡിനു സമീപം കര്‍ഷകര്‍ ഒത്തുചേര്‍ന്നത്.
രാവിലെ ഒൻപതു മുതല്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചു. എന്നാല്‍, മന്ത്രിമാര്‍ ഹെലികോപ്റ്ററില്‍ വരാതെ ലഖ്‌നൗവില്‍ നിന്നു റോഡുമാര്‍ഗമെത്തി.

പൊലീസ് ഇക്കാര്യം അറിയിച്ചതോടെ ഉച്ചയ്ക്കു കര്‍ഷകര്‍ മടങ്ങിപ്പോവാന്‍ തുടങ്ങി. രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകള്‍ റോഡരികില്‍ കര്‍ഷകര്‍ക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാള്‍ വെടിയുതിര്‍ത്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആശിഷ് മിശ്ര ഗുണ്ടകള്‍ക്കൊപ്പം മൂന്നു വാഹനങ്ങളിലായെത്തി ആക്രമിക്കുകയായിരുന്നെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.