Spread the love

കണ്ണൂർ: കല്ലറയ്ക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹമെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി. കണ്ണൂർ വാണിയമ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് സംഭവം.

video
play-sharp-fill

ഒരു കല്ലറയില്‍ ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ ഉണ്ടോ എന്ന സംശയമാണ് ദുരൂഹതയ്ക്ക് വഴിമാറിയിരിക്കുന്നത്. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആറ് ദിവസം മുൻപ് പള്ളി സെമിത്തേരിയിലെ ഒരു കല്ലറയില്‍ പുതിയൊരു മൃതദേഹം സംസ്‌കരിക്കുന്നതിനായി വികാരിയും കൈക്കാരന്മാരും ചേർന്ന് കല്ലറ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കല്ലറ നീക്കി പരിശോധിച്ചപ്പോള്‍ ഉള്ളില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹത്തിന് സമാനമായ മറ്റൊരു രൂപം കൂടി കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിയുടെ ഔദ്യോഗിക രേഖകള്‍ പ്രകാരം 2006ലും 2015ലുമാണ് ഈ കല്ലറയില്‍ മുൻപ് സംസ്‌കാരങ്ങള്‍ നടന്നിട്ടുള്ളത്. ഇതില്‍ 2015ല്‍ നടന്നത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഒരാളുടെ സംസ്‌കാരമായിരുന്നു. അതിനുശേഷം ഈ കല്ലറയില്‍ മറ്റൊരു സംസ്‌കാരവും നടന്നതായി പള്ളിയിലെ രേഖകളിലില്ല.

പരമ്പരാഗത ക്രിസ്ത്യൻ ആചാരങ്ങള്‍ക്ക് വിരുദ്ധമായി പായയില്‍ കെട്ടിയ നിലയിലുള്ള ഈ രൂപം എങ്ങനെ കല്ലറയ്ക്കുള്ളില്‍ എത്തി എന്നത് പള്ളി അധികൃതരെയും പൊലീസിനെയും ഒരുപോലെ കുഴക്കുന്നുണ്ട്. കല്ലറയില്‍ കണ്ടെത്തിയത് മുൻപ് പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹമണോ എന്ന് സംശയമുണ്ടെന്നും പള്ളി അധികൃതർ തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചതെന്നുമാണ് പള്ളി വികാരി ഫാദർ ഗില്‍ബർട്ട് കൊന്നയില്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്‌