
സൈബര്‍ വിദഗ്ധന്‍ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവിനെയും കൂട്ടാളിയെയും പൊലീസ് പിടികൂടി. അന്‍പതിലധികം മോഷണ കേസുകളില്‍ പ്രതിയായ കര്‍ണാടക ഷിമോഗ സ്വദേശി ഡോളര്‍ അനി എന്നറിയപ്പെടുന്ന അനില്‍കുമാര്‍(38), മോഷണ മുതല്‍ വില്ക്കാന് സഹായിച്ച അമ്പായത്തോട് സ്വദേശി ജയിംസ്(58) എന്നിവരെയാണ് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ടൗണ്‍ എസിപി പ്രമോദിന്റെ നേതൃത്വത്തില്‍ നടക്കാവ് സിഐ ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 24ആം തീയതിയാണ് വിനോദ് ഭട്ടതിരിപ്പാടിന്റെ കോഴിക്കോട് അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ കവര്‍ച്ച നടന്നത്.
പുലര്‍ച്ചെ വീട് പൂട്ടി കുടുംബവുമൊത്ത് യാത്ര പോയ സമയത്ത് മോഷ്ടാവ് മുന്‍വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഇരുപത് പവനോളം സ്വര്‍ണ്ണം വീട്ടില്‍ നിന്നും കവര്‍ന്നു. തുടര്‍ന്ന് നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടത്തിയത് അനില്‍കുമാറാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് വിവിധ സംഘങ്ങളായി കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ഇയാളെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പലസ്ഥലങ്ങളിലായി കറങ്ങി നടന്ന് മോഷണം നടത്തുന്ന രീതിയായതിനാല്‍ ഇയാളെ പിടികൂടൂന്നത് ദുഷ്കരമായി. സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ കമ്പത്തുള്ള ഒരു കോളനിയില്‍ ഇയാള്‍ ഒളിച്ചു താമസിക്കുന്നെന്ന വിവരം ലഭിച്ചു. എന്നാൽ ഇയാള്‍ അവിടെ നിന്നും തേനിയിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് തേനി ടൗണിലെത്തിയ അന്വേഷണ സംഘം ഏറെ സാഹസികമായാണ് അനില്‍ കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.






