
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്നത് സമാനതകളില്ലാത്ത രൂക്ഷവിമര്‍ശനം. പിണറായി വിജയനെ പ്രതിപക്ഷനേതാവാക്കാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ കനത്ത പടയൊരുക്കമാണ് തുടങ്ങിയിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയും അവസാനത്തെ പ്രതിപക്ഷനേതാവും പിണറായിയായാലും അതിശയപ്പെടാനില്ലെന്ന് അംഗങ്ങള്‍ തുറന്നടിച്ചു. തീരുമാനം തിരുത്തിയില്ലെങ്കില്‍ ബിജെപി നേതാവ് വി മുരളീധരന്‍ പ്രതിപക്ഷനേതാവായി മാറും എന്നും യോഗത്തിൽ കടുത്ത വിമർശനമുയർന്നു.
യുഡിഎഫില്‍ 62 വയസ്സുള്ള വിഡി സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍, പ്രായാധിക്യവും അനാരോഗ്യവുമുള്ള പിണറായി വിജയനെ പ്രതിപക്ഷനേതാവാക്കി കൊണ്ടുവരുന്നത് ജനങ്ങളെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണെന്ന് കൊല്ലത്തു നിന്നുള്ള നേതാക്കള്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഇരട്ടത്താപ്പിനെതിരെ കടുത്ത പരിഹാസമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇത്തരം ജനവിരുദ്ധ ശൈലി തിരുത്തിയില്ലെങ്കില്‍ വരും നാളുകളില്‍ ബിജെപി നേതാവ് വി മുരളീധരന്‍ നിയമസഭയില്‍ പ്രതിപക്ഷനേതാവാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി.
പിണറായിയാണ് പാര്‍ട്ടിയുടെ ഏക നേതാവ് എന്ന നിലയിലുള്ള തെറ്റായ വ്യക്തിപൂജാ പ്രവണത കഴിഞ്ഞ തവണതന്നെ തുടങ്ങിയതാണെന്ന് വിമര്‍ശനമുയര്‍ന്നു. മറ്റ് മന്ത്രിമാരെയെല്ലാം പുതുമുഖ സമവാക്യം പറഞ്ഞ് മാറ്റിയപ്പോഴും പിണറായിക്ക് മാത്രം ഇളവുകൊടുത്തു. ഇത്തവണ വീണ്ടും ഇളവുകൊടുത്തത് വന്‍ തോല്‍വിക്ക് വഴിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള അവിശുദ്ധ സൗഹൃദമാണ് ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണമായി പാര്‍ട്ടിയില്‍ നിന്നും അകറ്റിയത്. ഇത് 140 മണ്ഡലങ്ങളിലും കനത്ത തിരിച്ചടിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടി കോട്ടകളില്‍ പോലും ഉണ്ടായ കനത്ത അടിയൊഴുക്കുകള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. പാര്‍ട്ടി സ്വയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അണികള്‍ ചേര്‍ന്ന് തിരുത്തിക്കുമെന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് പാര്‍ട്ടി കോട്ടകളായ കണ്ണൂരിലും കൊല്ലത്തും സംസ്ഥാന നേതൃത്വത്തിനെതിരെ ഇത്രയും പരസ്യവും രൂക്ഷവുമായ വിമര്‍ശനങ്ങള്‍ ഉയരുന്നത്.







