നിരന്തരം മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെയുള്ള സംസാരം; ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് മോശം രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയും വസ്ത്രധാരണ രീതികളെ കുറിച്ച് അശ്ലീല ഭാഷയിൽ സംസാരിക്കുകയും ചെയ്യുക പതിവ്; മേലുദ്യോഗസ്ഥനെതിരേ നൽകിയ പരാതിയിൽ നടപടിയില്ലെന്ന് നാവിക സേനാ ഉദ്യോഗസ്ഥ
സ്വന്തം ലേഖകൻ
കൊച്ചി:നാവികസേന എൻജിനീയറിങ് വിഭാഗത്തിലെ മേലുദ്യോഗസ്ഥനിൽനിന്ന് ജാതീയവും ലൈംഗിക അതിക്രമവും നേരിട്ടതായി യുവതിയുടെ പരാതി.
2020 ജൂലായ് മാസത്തിലാണ് സംഭവം നടന്നത്. എന്നാൽ യുവതിയുടെ പരാതിയിൽ ഇതുവരെയും നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേവൽബേസിലെ മിലിറ്ററി എൻജിനീയർ സർവീസസിലെ ഉത്തർപ്രദേശ് സ്വദേശിയായ മുൻ കമാൻഡർ വർക്സ് എൻജിനീയർക്ക് എതിരെയാണ് പരാതിപ്പെട്ടിരിക്കുന്നത്.
ഇയാൾ യുവതിയെ നിരന്തരം മുറിയിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മറ്റ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചും മോശം രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയും വസ്ത്രധാരണ രീതികളെ കുറിച്ച് അശ്ലീല ഭാഷയിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വിഷയങ്ങൾ ഇന്റേണൽ കംപ്ലെയിന്റ് സെല്ലിൽ യുവതി പരാതിപ്പെട്ടിരുന്നു. എന്നാൽ, പ്രതിസ്ഥാനത്തുള്ള വ്യക്തിയുടെ കീഴിലുള്ള ഉദ്യോഗസ്ഥയാണ് പരാതിയിൽ അന്വേഷണം നടത്തിയതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
ഇതിനാൽ കമാൻഡർ വർക്സ് എൻജിനീയർക്ക് അനുകൂലമായ റിപ്പോർട്ടാണ് സമർപ്പിച്ചതും. പരാതി കൊടുത്തതിനെ തുടർന്ന് യുവതിയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു.
ഇതേത്തുടർന്ന് സെപ്റ്റംബറിൽ യുവതി ഹാർബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസിന്റെ തുടരന്വേഷണ ചുമതല എറണാകുളം എ.സി.പി.ക്കാണ്.