Spread the love

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ക്രിക്കറ്റ് കോച്ചിന് 16 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരം കോച്ചായിരുന്ന പ്രതിക്ക് 24,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പീഡനത്തിനിരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.

video
play-sharp-fill

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൽ എത്തിയ വിദ്യാർത്ഥിനിയെ പരിശീലനത്തിന്റെ പേരിൽ ജിമ്മിലേക്ക് കൊണ്ടുപോയി പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ നഗ്നചിത്രങ്ങൾ അയച്ചുനൽകാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി വഴങ്ങിയിരുന്നില്ല. തുടർന്ന് ശരിയായ പരിശീലനം നൽകാതിരിക്കുകയും ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഭയം കാരണം സംഭവം വർഷങ്ങളോളം പുറത്തുപറയാൻ കുട്ടി തയ്യാറായിരുന്നില്ല.

2021-ൽ മറ്റൊരു പരിശീലന കേന്ദ്രത്തിലേക്ക് മാറിയ പരാതിക്കാരിക്കു പുറമേ മറ്റ് അഞ്ച് വിദ്യാർത്ഥിനികളെയും പ്രതി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 2024-ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിനിടെ പ്രതിയെ വീണ്ടും കണ്ടപ്പോൾ ഭയന്ന് പ്രതികരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വിദ്യാർത്ഥിനി പരാതി നൽകിയതിന് പിന്നാലെ മറ്റ് ഇരകളും പരാതിയുമായി മുന്നോട്ടുവന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group