
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് കാലത്ത് മലയാളികൾ ഓരോ ദിവസവും നാടിനെ അത്ഭുതപ്പെടുകയാണ്. ലോകം മുഴുവൻ അനുഭവപ്പെടുന്ന മഹാമാരിയിൽ നാം ഒന്നാണെന്ന് എന്ന സന്ദേശം പങ്കുവയ്ക്കുന്ന ഒരു ജനത മറ്റൊരു നാട്ടിലും ഉണ്ടാകുകയില്ല. ഒരു ചെറു ന്യൂനപക്ഷം ഒഴികെ മഹാ ഭൂരിപക്ഷം ആളുകളും കോവിഡ് മഹാമാരിയെ ചെറുക്കാൻ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂരിൽ നിന്നും വരുന്ന വാർത്തകളും ഇതിനെ സാധൂകരിക്കുന്നതാണ്.
കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സിന് കടന്നു പോകാന്‍ ബുദ്ധിമുട്ടായി നിന്ന മതില്‍ പൊളിച്ചുമാറ്റിയാണ് ഇരവിനല്ലൂർ ഇൽ ഒരു ചെറുപ്പക്കാരനായ വീട്ടുടമ മാതൃക തീർത്തത്. ഇരവിനല്ലൂര്‍ സ്വദേശിയും ബസ് ഡ്രൈവറുമായ രാജേഷ് എന്ന വ്യക്തിയാണ് സ്വന്തം പുരയിടത്തിലെ മതില്‍ പൊളിച്ചുമാറ്റി വഴിയൊരുക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യം വാഹനത്തിന്റെ ഡ്രൈവര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടയം പാക്കില്‍ ജീസസ് ഫോര്‍ ജെന്റയില്‍സ് ചര്‍ച്ചിന്റെ കോവിഡ് സൗജന്യ സേവനം നടത്തുന്ന ആംബുലന്‍സാണ് ഇടവഴിയില്‍ കുടുങ്ങിപ്പോയത്.
ഇരവിനല്ലൂർ സ്വദേശികളായ ആറു രോഗികളെ വീടുകളില്‍ നിന്നും സി.എഫ്.എല്‍.ടി.സിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന രോഗികള്‍ ഉണ്ടായിരുന്നതിനാല്‍ ഇടറോഡില്‍കൂടി വീടുകളുടെ അടുത്തേക്ക് വാഹനം ചെന്നെത്തുകയായിരുന്നു.
തിരികെ വരുന്നവഴി വളവു തിരിഞ്ഞപ്പോള്‍ ആംബുലന്‍സ് മതിലുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയി. മുന്നോട്ടും പിന്നോട്ടും എടുക്കാനാവാത്ത സ്ഥിതി. വാഹനം അനക്കിയാല്‍ വലിയ കേടുപാടു വരും. നാട്ടുകാര്‍ കൂടിയെങ്കിലും എങ്ങനെ വാഹനം സുരക്ഷിതമായി മാറ്റാമെന്ന് യാതൊരു വഴിയും കണ്ടില്ല. ഈ സമയം വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന ഒരു രോഗിക്ക് കടുത്ത ശ്വാസം മുട്ടല്‍ തുടങ്ങി. ഈ സമയമാണ് രാജേഷ് തന്റെ മതില്‍ പൊളിച്ചുമാറ്റി വാഹനം കടത്തിവിടാന്‍ മുന്നോട്ട് വന്നത്.
വീട്ടില്‍ നിന്നും കോടാലിയും മറ്റും എടുത്തുകൊണ്ട് വന്ന് വാഹനം കുടുങ്ങിയ വശത്തെ മതില്‍ പൊളിക്കാന്‍ തുടങ്ങി. നിമിഷനേരം കൊണ്ട് മതില്‍ പൊളിച്ച് വാഹനം കടത്തി വിട്ടു. ഈ സമയം വാഹനത്തിന്റെ ഡ്രൈവറും ഡിവൈഎഫ്‌ഐ അംഗവുമായ റിയാസ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഒരു തുണ്ട് ഭൂമിപോലും വഴിക്കും മറ്റും വിട്ടുകൊടുക്കാത്ത കാലത്ത് തന്റെ മതില്‍ പൊളിച്ച് വഴിയൊരുക്കിയ രാജേഷിന്റെ മനസ്സിലെ നന്മ പുറം ലോകത്തെ അറിയിക്കാനാണ് വീഡിയോ പകര്‍ത്തിയതെന്ന് റിയാസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് താഴെ രാജേഷിനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്ത് വന്നിരിക്കുകയാണ്. സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ വരും ദിവസം രാജേഷിനെ നേരില്‍കണ്ട് ചെറിയ സഹായം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പാക്കില്‍ ജീസസ് ഫോര്‍ ജെന്റൈയില്‍സ് ചര്‍ച്ച് പാസ്റ്റര്‍ രാജീവിന്റെ ഉടമസ്ഥതയിലുള്ള വാഹനം കഴിഞ്ഞ മാസം ആറാം തീയതിമുതലാണ് കൊവിഡ് സൗജന്യ സേവനം ആരംഭിച്ചത്. രാജീവിന്റെ നേതൃത്വത്തില്‍ ഭാര്യയും സമീപ പ്രദേശങ്ങളിലെ യുവാക്കളും ചേര്‍ന്ന് കൊവിഡ് ബാധിച്ച നിര്‍ദ്ദനരായവരെ സൗജന്യമായി ആശുപത്രിയിലെത്തിക്കുന്നത്. ജില്ലാഭരണകൂടത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സേവനം തുടങ്ങിയത്.
ഇതുവരെ ഒന്നര ലക്ഷത്തോളം രൂപ ചിലവു വഹിക്കേണ്ടി വന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇവര്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. രാജീവിന്റെ പക്കല്‍ നിന്നും പണം എടുത്താണ് ഇന്ധനം നിറക്കുന്നത്. ഈ സാഹചര്യത്തില്‍ വാഹനത്തിന് കേടുപാടുകള്‍ വന്നാല്‍ നന്നാക്കാനായി ഏറെ ബുദ്ധിമുട്ടാണ്. അപ്പോഴാണ് സ്വന്തം മതില്‍ പോലും പൊളിച്ചുമാറ്റി വാഹനം കടന്നു പോകാന്‍ വഴിയൊരുക്കി രാജേഷ് എത്തിയത്.







