
നിയമസഭ സ്പീക്കറായി തിരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി വിഡി സതീശൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂർ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്നും. ഒരു നിയമസഭാ സാമാജികൻ എങ്ങനെ നിയോജക മണ്ഡലത്തിലും സഭയിലും പ്രവർത്തിക്കണമെന്നതിന് ഉത്തമ മാതൃകയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റവും സീനിയർ സാമാജികനാണെന്നും, കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം സഭയിലെ അംഗമായി പ്രവർത്തിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളെ കുറിച്ചും കൃത്യമായ ഗ്രാഹ്യം. ജനഹിതം അനുസരിച്ച് തീരുമാനമെടുക്കാൻ കഴിയുന്നയാളാണ് തിരുവഞ്ചൂരെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവജന രാഷ്ട്രീയ കാലത്ത് തീപ്പൊരിയായിരുന്ന നേതാവായിരുന്നു. താൻ വിദ്യാർഥിയായിരിക്കെ അദ്ദേഹത്തിനു വേണ്ടി മുദ്രാവാക്യം വിളിച്ചത് ഇന്നും ഓർക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സുദീർഘമായ പ്രവർത്തന പരിചയമാണ് തിരുവഞ്ചൂരിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച അനുഭവമുണ്ട്. വൈവിധ്യമാർന്ന അനുഭവ പശ്ചാത്തലമാണ് തിരുവഞ്ചൂരിന്റേത്. വിദ്യാർഥി കാലഘട്ടം മുതലുള്ള രാഷ്ട്രീയ അനുഭവം സഭയിലെ ഇടപെടലുകൾക്കും പ്രേരകമാകട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞു. ബാറ്റിംഗ് സൈഡ് നിയമിച്ച അമ്പയർ ആയി സ്പീക്കർ മാറാതിരിക്കട്ടെ എന്നും നിഷ്പക്ഷമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






