
തിരുവനന്തപുരം: എബോള വൈറസ് വ്യാപന സാധ്യത മുൻനിർത്തി സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. ലോകാരോഗ്യ സംഘടനയും കേന്ദ്രസർക്കാരും നിർദേശിക്കുന്ന രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് 21 ദിവസം വരെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണം ഏർപ്പെടുത്താൻ സംസ്ഥാന ദ്രുതകർമസമിതി യോഗം തീരുമാനിച്ചു.
ഇന്ത്യയിൽ നിലവിൽ എബോള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർ പ്രത്യേക ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യവിഭാഗത്തെ ഉടൻ അറിയിക്കണം. രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരും റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







