Spread the love

താരസംഘടനയായ അമ്മ(എഎംഎംഎ)യില്‍ തൊഴില്‍ പീഡനമെന്ന് പരാതി. ഓഫീസ് മാനേജറായിരുന്ന യുവതിയാണ് പരാതി നല്‍കിയത്. അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിയില്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. തൊഴില്‍ പീഡനത്തിനൊപ്പം സാമ്പത്തിക തിരിമറി സംബന്ധിച്ച വ്യാജ ആരോപണവും ഉന്നയിച്ചു എന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനോട് പറഞ്ഞപ്പോള്‍ അതില്‍ നടപടി എടുക്കുന്നതിന് പകരം ശകാരിക്കുകയും ഓഫീസില്‍ നടക്കുന്ന കാര്യം പ്രസിഡന്റായ ശ്വേതാ മേനോനെ വിളിച്ച് പറയുന്നതെന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.

video
play-sharp-fill

താന്‍ മാനേജറായിരുന്ന സമയത്ത് സാമ്പത്തിക തിരിമറി സംബന്ധിച്ച് വ്യാജ ആരോപണം ഉന്നയിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ നോര്‍ത്ത് പൊലീസിന് കൈമാറി. പൊലീസ് കേസെടുക്കുന്നത് സംബന്ധിച്ച നടപടികളിലേക്ക് കടന്നിട്ടില്ല. യുവതിയുടെ മൊഴിയുള്‍പ്പെടെ എടുത്ത ശേഷം പരാതിയുടെ വസ്തുത ഉള്‍പ്പെടെ പരിശോധിച്ചാകും കേസെടുക്കുക.