
ഫരീദാബാദ്: ഹരിയാനയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി. ദേശീയ ഷൂട്ടിങ് പരിശീലകനെ സസ്പെൻഡ് ചെയ്തു. ദേശീയ ഷൂട്ടിങ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെയാണ് സസ്പെൻഡ് ചെയ്തത്. 17 വയസുള്ള ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫരീദാബാദ് പൊലീസ് കേസെടുത്തു.
ഡല്‍ഹിയിലെ ഡോ. കർണി സിംഗ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന ദേശീയ തല ഷൂട്ടിങ് മത്സരത്തിനിടെയാണ് സംഭവം. ഫരീദാബാദിലെ ഒരു ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
ഷൂട്ടിങ് മത്സരത്തിലെ പ്രകടനം വിലയിരുത്താനെന്നു പറഞ്ഞ് പരിശീലകനായ അങ്കുഷ് ഭരദ്വാജ്, സൂരജ്കുണ്ഡിലെ ഹോട്ടലിലേക്ക് കായികതാരത്തെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് മുറിയില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. പുറത്ത് പറഞ്ഞാല്‍ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും 17 കാരിയായ താരത്തിന്റെ പരാതിയിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.ഐ.ടി. ഫരീദാബാദിലെ വനിതാ പൊലീസ് സ്റ്റേഷനിലാണ് കായിക താരം പരാതി നല്‍കിയത്. സംഭവത്തില്‍ പോക്സോ കേസ് രജിസ്റ്റർ ചെയ്ത ഫരീദാബാദ് പൊലീസ് സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു.
നാഷണല്‍ റൈഫിള്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 13 ദേശീയ ഷൂട്ടിങ് പരിശീലകരില്‍ ഒരാളാണ് അങ്കുഷ് ഭരദ്വാജ്. പരാതിയെ തുടർന്ന് അങ്കുഷ് ഭരദ്വാജിനെ നാഷണല്‍ റൈഫിള്‍ അസോസിയേഷൻ ഓഫ് ഇന്ത്യയില്‍ നിന്ന് സസ്പെൻഡ് ചെയ്തു.







