
സ്വന്തം ലേഖിക
മുട്ടം: ചുരിദാര്‍ വില്പനയുടെ മറവില്‍ വ്യാജ വാഗ്ദാനം നല്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി. മുട്ടം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള വീടുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്.
ഇതരസംസ്ഥാനത്തുനിന്നുള്ളവരാണ് ചുരിദാര്‍ വില്പനയുടെ പേരില്‍ വീടുകള്‍ കയറിയിറങ്ങി വന്‍ ഓഫറുകള്‍ നല്കി തട്ടിപ്പ് നടത്തുന്നത്.
6,000 രൂപ വിലയുള്ള ചുരിദാര്‍ വാങ്ങുന്പോള്‍ 5,000 രൂപ വിലയുള്ള മറ്റു സമ്മാനങ്ങള്‍ ലഭിക്കുമെന്നാണ് ഇവര്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനോടകം നിരവധി വീട്ടമ്മമാരുടെ പണം നഷ്ടമായതായാണ് സൂചന. വീട്ടമ്മമാര്‍ വീടുകളില്‍ ഒറ്റയ്ക്കുള്ള സമയം കൃത്യമായി അറിഞ്ഞും സ്ത്രീകള്‍ താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചുമാണ് ഇവര്‍ എത്തുന്നത്.
കഴിഞ്ഞ ദിവസം മലങ്കര എസ്റ്റേറ്റ് കേന്ദ്രീകരിച്ചുള്ള നിരവധി വീടുകളിലും സംഘം തട്ടിപ്പ് നടത്തിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ മുട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. ഇതേസമയം, ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ആളുകള്‍ ജാഗ്രത പാലിക്കാന്‍ തയാറാകാത്തതാണ് തട്ടിപ്പ് സംഘത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്.
വീടുകള്‍ കയറിയിറങ്ങി ദിവസ പലിശയ്ക്ക് പണം നല്കി വന്‍തുക തട്ടിയെടുക്കുന്ന സംഘവും ജില്ലയില്‍ സജീവമാണ്. തമിഴ്നാട്ടില്‍നിന്നുള്ളവരാണ് ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ വട്ടിപ്പലിശ സംഘത്തിന്റെ കുരുക്കില്‍ വ്യാപകമായി വീഴുകയാണ്.
കുടുംബശ്രീ അടക്കമുള്ള സംഘടനകള്‍വഴി ജനങ്ങളെ ബോധവത്കരിച്ച് തട്ടിപ്പ് സംഘത്തിന്റെ പിടിയില്‍നിന്നു ജനങ്ങളെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.







