അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയത് അന്വേഷിക്കും; അനുപമയ്‌ക്ക് നീതി ലഭിക്കുന്ന രീതിയിൽ ഇടപെടലുണ്ടാകുമെന്ന് വീണാ ജോർജ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പേരൂർക്കടയിൽ നവജാതശിശുവിനെ കടത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്. അമ്മ അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയത് അന്വേഷിക്കും. അനുപമയ്‌ക്ക് നീതി ലഭിക്കുന്ന രീതിയിൽ ഇടപെടലുണ്ടാകും. കുഞ്ഞിനെ ശിശുക്ഷേമ വകുപ്പിന് ലഭിച്ചത് എങ്ങനെ എന്നതടക്കം പരിശോധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
കഴിഞ്ഞ ഏപ്രിൽ 19നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടു പോയെന്ന് കാണിച്ച് മാതാവ് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ കഴിഞ്ഞ ദിവസം വനിതാ കമ്മീഷനും കേസെടുത്തിരുന്നു. വിഷയത്തിൽ ഡിജിപിയോട് കമ്മീഷൻ അടിയന്തര റിപ്പോർട് തേടിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവനെ സമീപിച്ചപ്പോഴും അനുകൂല നിലപാട് ഉണ്ടായില്ലെന്ന് കുഞ്ഞിന്റെ അമ്മ അനുപമ പറയുന്നു. അന്നത്തെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരിട്ട് കണ്ടിട്ടും പരാതിയിൽ കേസെടുത്തില്ലെന്നും അനുപമ വെളിപ്പെടുത്തി. കുട്ടിയെ കിട്ടാനുള്ള അമ്മയുടെ അവകാശത്തിനൊപ്പമെന്ന ജില്ലാ സെക്രട്ടറിയുടെ ഇപ്പോഴത്തെ വാദം പൊള്ളയെന്നും അനുപമ ആരോപിച്ചു.
വൃന്ദകാരാട്ട് മാത്രമാണ് സഹായിച്ചത്. നീതി പ്രതീക്ഷിച്ച തന്നെയും ഭർത്താവിനെയും ഇതിന്റെ പേരിൽ പാർട്ടി പുറത്താക്കി. മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്‌ണൻ, വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി എന്നിവർക്ക് നൽകിയ പരാതികളും ഫലം കണ്ടില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ബന്ധുക്കളുമായി ഒത്തുകളിച്ചെന്നാണ് കരുതുന്നത്. കുഞ്ഞിനെ വിട്ടുകിട്ടാൻ നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്ന് അനുപമ വ്യക്‌തമാക്കി.