
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പല്‍ ഡോ. വി.ആർ. ജയകുമാറിന്റെ കാർ പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മുൻ ജീവനക്കാരൻ മരിച്ചു.
കിളിരൂർ ആമ്പക്കുഴിയിൽ ചെല്ലപ്പൻ (88) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. മെഡിക്കൽ കോളജിന് സമീപം ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിര്വശത്തുള്ള അഞ്ചേരി ഗാർഡൻസിൽ ഡോ.വി.ആർ. ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറാണ് ചെല്ലപ്പൻ കത്തിച്ചത്. തീയിടുന്നതിനിടെ ഇയാൾക്കു പൊള്ളലേറ്റു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീയുടെ ചൂട് കൊണ്ട് വീടിന്റെ മുൻഭാഗത്തെ ജനൽ ചില്ലുകളും തകർന്നു. തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പോലീസിലും അഗ്നിശമനസേനയെയും അറിയിച്ചു. ഇവർ എത്തി തീ അണയ്ക്കുമ്പോഴാണ് സമീപത്ത് പൊള്ളലേറ്റ നിലയിൽ ചെല്ലപ്പനെ കണ്ടത്.
95 ശതമാനം പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ഡോക്ടറുടെ വീട്ടുജോലി ചെയ്തിരുന്ന ചെല്ലപ്പനെ ഒരു മാസം മുമ്പ് പിരിച്ചുവിട്ടിരുന്നു. മാനസിക വെല്ലുവിളിനേരിടുന്നയാളാണെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി.
ഭാര്യ: രമ. മക്കൾ: മോളി, ഷാജി. മരുമകൻ: വിജയൻ. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ചെങ്ങളം എസ്‌എൻഡിപി ശ്മശാനത്തിൽ.



