
സ്വന്തം ലേഖകൻ
ബെംഗളൂരു∙ ക്രിസ്മസ്, പുതുവർഷ തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽനിന്ന് എറണാകുളത്തേയ്ക്ക് സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് 7000 രൂപവരെയായി ഉയർന്നു. കൂടുതൽ തിരക്കുള്ള 22 നു രാത്രി എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസിന്റെ നിരക്കാണ് 7000 രൂപയിലെത്തിയത്. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ പകുതി സീറ്റുകളിലേക്കുള്ള ബുക്കിങ് പൂർത്തിയായി. തെക്കൻ കേരളത്തിലേക്കുള്ള ബസുകളിലെ നിരക്ക് മൂന്നിരട്ടി വരെയാണ് ഉയർന്നത്.
കോട്ടയത്തേയ്ക്ക് എസി സ്ലീപ്പറിൽ 4000–5000 രൂപയും തിരുവനന്തപുരത്തേയ്ക്ക് 4500–5000 രൂപയും കോഴിക്കോട്ടേയ്ക്ക് 2500–3500 രൂപയും കണ്ണൂരിലേക്ക് 2500–3300 രൂപയുമാണ് നിരക്ക്. ഉത്സവസീസണുകളിൽ ഒരു വശത്തേയ്ക്കുള്ള സർവീസുകൾ കാലിയായി ഓടുന്നുവെന്ന കാരണം പറഞ്ഞാണ് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെയായി ഉയർത്തുന്നത്. കേരള, കർണാടക ആർടിസികൾ സ്പെഷൽ ബസുകളിൽ 30 ശതമാനം വരെ അധിക നിരക്കാണ് ഈടാക്കുന്നത്.∙
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പെഷൽ ബസുകളും നിറഞ്ഞു
കേരള ആർടിസി 22ന് മാത്രം അനുവദിച്ച 30 സ്പെഷൽ ബസുകളിലും സീറ്റുകൾ തീർന്നു. കൂടുതൽ സ്പെഷലുകൾ അനുവദിക്കുന്നതിന് തടസ്സമാകുന്നത് ബസ് ക്ഷാമം. സംസ്ഥാനാന്തര പെർമിറ്റുള്ള ഡീലക്സ്, എക്സ്പ്രസ് ബസുകൾ ശബരിമല സർവീസുകൾക്ക് മാറ്റിയതോടെയാണ് വിവിധ ഡിപ്പോകളിൽ ബസ് ക്ഷാമം രൂക്ഷമായത്. സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് ഇല്ലാത്തതും തിരിച്ചടിയായി.
ബെംഗളൂരുവിൽ നിന്ന് 20 മുതൽ 24 വരെയും തിരിച്ച് നാട്ടിൽ നിന്ന് 26 മുതൽ ജനുവരി 3 വരെയുമാണ് സ്പെഷൽ ബസുകൾ ഓടിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ ബസുകൾ അനുവദിച്ചിരിക്കുന്നത്. കർണാടക ആർടിസി 22ന് മാത്രം 45 സ്പെഷൽ ബസുകളാണ് അനുവദിച്ചത്.
പ്രതീക്ഷ തത്കാൽ ടിക്കറ്റിൽ
കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ സാധ്യത മങ്ങിയതോടെ ഇനി പ്രതീക്ഷ തത്കാൽ ടിക്കറ്റിൽ. 20ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ തത്കാൽ ബുക്കിങ് ഇന്ന് ആരംഭിക്കും. ബസിലെ ടിക്കറ്റ് നിരക്ക് ഇരട്ടിയായതിനാൽ സാധാരണക്കാർ കൂടുതലായി ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. കൂടുതൽ തിരക്കുള്ള വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്പെഷൽ ട്രെയിൻ അനുവദിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവർക്കും നിരാശയായിരുന്നു മറുപടി. ഓണക്കാലത്തെ പോലെ അവസാന നിമിഷം പ്രഖ്യാപിക്കുന്ന സ്പെഷൽ ട്രെയിനുകൾ കുടുംബസമേതം നാട്ടിലേക്ക് പോകുന്നവർക്ക് ഉപകരിക്കില്ല.
വിമാന നിരക്കുകളും കുതിച്ചുയരുന്നു
ക്രിസ്മസ് അടുത്തതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളും കുതിച്ചുയരുന്നു. 22ന് കൊച്ചിയിലേക്ക് നോൺ സ്റ്റോപ്പ് സർവീസുകളിൽ 13,000–15,000 രൂപയും തിരുവനന്തപുരത്തേയ്ക്ക് 14,500–17, 600 രൂപയും കോഴിക്കോട്ടേയ്ക്ക് 8070–11,700 രൂപയും കണ്ണൂരിലേക്ക് 7000 –10,500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.







