
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ബംഗാള്‍ സ്വദേശികള്‍ കൂട്ടമായി നാട്ടിലേക്ക് പോയിത്തുടങ്ങി.
ഇതോടെ ട്രെയിനുകളില്‍ വൻതിരക്കാണ് അനുഭവപ്പെടുന്നത്. വിമാനടിക്കറ്റുകള്‍ ഉള്‍പ്പെടെ കിട്ടാത്ത സ്ഥിതിയായി. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ നൂറിലധികം ടൂറിസ്റ്റ് ബസുകളാണ് ബംഗാളിലേക്ക് വോട്ടർമാരുമായി സഞ്ചരിക്കുന്നത്. ഏപ്രില്‍ 23നാണ് ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29നാണ് രണ്ടാം ഘട്ടം.
ട്രെയിൻ ടിക്കറ്റുകള്‍ കിട്ടാതെ ബുദ്ധിമുട്ടുകയാണ് പല യാത്രക്കാരും. ദിവസവും സർവീസ് നടത്തുന്ന കന്യാകുമാരി- ദിബ്രുഗഡ് വിവേക് എക്സ്പ്രസില്‍ ടിക്കറ്റ് കിട്ടാനില്ല. വിവേക് എക്സ്പ്രസ് കൂടാതെ ഏതാനും പ്രതിവാര ട്രെയിനുകള്‍ മാത്രമാണ് ബംഗാളിലേക്കുള്ളത്. തിരക്കു പരിഗണിച്ച് ഇന്നലെ നാഗർകോവിലില്‍ നിന്നു ഷാലിമാറിലേക്ക് റെയില്‍വേ സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തിയിരുന്നു. ഇന്ന് തിരുവനന്തപുരം നോർത്ത്- സാന്ദ്രഗച്ചി സ്പെഷ്യല്‍ ഉണ്ടെങ്കിലും ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുതീർന്നു.
തങ്ങളുടെ തൊഴിലാളികള്‍ക്കായി മിക്ക കമ്പനികളും ടൂറിസ്റ്റ് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബംഗാളിലെ ഉള്ഗ്രാമങ്ങളിലേക്കുള്പ്പടെ ബസുകള്‍ സർവീസ് നടത്തും. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം ഇതേ ബസില്‍ തന്നെ മടങ്ങിവരാനാകും. അതുവരെയും ബസുകള്‍ അവിടെ തുടരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസില്‍ പോയി മടങ്ങിവരാനായി 10,000 രൂപയാണ് ഒരാള്‍ക്ക് ചെലവ് വരുന്നത്. വോട്ടിടാൻ പോകുന്ന തൊഴിലാളികള്‍ മടങ്ങിവരാതിരിക്കുകയോ മടങ്ങിവരാൻ വൈകുന്ന സ്ഥിതിയോ ഉണ്ടാകുമെന്ന ആശങ്കയിലാണ് കമ്പനികള്‍. ഇതിനാലാണ് തൊഴിലാളികള്‍ക്കായി ബസുകള്‍ ഏർപ്പാടാക്കി നല്‍കിയത്.
രണ്ടുദിവസം കൊണ്ടാണ് എറണാകുളത്ത് നിന്ന് കൊല്‍ക്കത്തയിലേക്ക് ബസുകളെത്തുന്നത്. ആലപ്പുഴ, കട്ടപ്പന, പായിപ്പാട്, പെരുമ്പാവൂർ, ആലുവ, കണ്ണൂർ, കോഴിക്കോട് ഉള്‍പ്പടെ മിക്ക സ്ഥലങ്ങളില്‍ നിന്നും ബസുകള്‍ പോയിട്ടുണ്ട്. അസമിലെ തിരഞ്ഞെടുപ്പിനും സമാനമായി ബസ് സർവീസുകളുണ്ടായിരുന്നു.



