play-sharp-fill
‘വെള്ളം പാഴാകുന്നത് പരിഹരിച്ചിട്ട് പോരെ സർക്കാരേ വെള്ളക്കരം വർധിപ്പിക്കാൻ ‘; കോട്ടയം കോടിമതയില്‍ പൈപ്പ് പൊട്ടിയിട്ട് ഒരാഴ്‌ച; കണ്ണുതുറക്കാതെ വാട്ടർ അതോറിറ്റി

‘വെള്ളം പാഴാകുന്നത് പരിഹരിച്ചിട്ട് പോരെ സർക്കാരേ വെള്ളക്കരം വർധിപ്പിക്കാൻ ‘; കോട്ടയം കോടിമതയില്‍ പൈപ്പ് പൊട്ടിയിട്ട് ഒരാഴ്‌ച; കണ്ണുതുറക്കാതെ വാട്ടർ അതോറിറ്റി

സ്വന്തം ലേഖകൻ

കോട്ടയം :വെള്ളക്കരം വർധിപ്പിക്കനുള്ള സർക്കാർ തീരുമാനം വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടും വഴിയരികിലെ പൊട്ടിയ പൈപ്പ് നന്നാക്കാൻപോലും മനസ് കാണിക്കാത്തെ സർക്കാർ.

ഒരാഴ്ചയായി കോട്ടയം കോടിമത പാലത്തിന് സമീപത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും വാട്ടർ അതോറിറ്റി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുകാരണം ലിറ്റര്‍ കണക്കിന് വെള്ളമാണ് ദിവസവും നഷ്ടമാകുന്നത്. ചെറിയ തോതില്‍ തുടങ്ങിയ ചോര്‍ച്ചയാണ് ഇന്നലെ വലുതായത്.

പുറത്തേക്ക് ശക്തിയില്‍ ചീറ്റുന്ന വെള്ളം കാല്‍നടയാത്രികരെയും വാഹനയാത്രക്കാരെയും ദുരിതത്തിലാഴ്‌ത്തി. വേനല്‍ക്കാലം കടുത്തതോടെ നഗര പരിധിയിലടക്കം കുടിവെള്ള ക്ഷാമമുണ്ട്. ഇതിനിടയിലാണ് വാട്ടർ അതോറിറ്റിയുടെ അനാസ്ഥ. നഗരത്തിലെ പലയിടങ്ങളിലും പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചെങ്കിലും പൊട്ടലിന് മാത്രം അറുതിയില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് ഈരയില്‍ക്കടവ് ജംഗ്ഷനിലും റോഡിനടിയിലൂടെയുള്ള പൈപ്പ് പൊട്ടി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ ഇവിടത്തെ അറ്റകുറ്റപ്പണി ആരംഭിച്ചു.

അതേസമയം നഗരപരിധിയിലും മറ്റിടങ്ങളിലും പൊതു പൈപ്പുകളിലൂടെ വെള്ളം പാഴാകുമ്പോള്‍ നഗരവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. പൈപ്പ് പൊട്ടല്‍ പതിവാകുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ്. ജലക്ഷാമം നേരിടുന്ന കോടിമത പാലത്തിന് സമീപം താമസിക്കുന്നവര്‍ പൊട്ടിയ പൈപ്പില്‍ നിന്നുള്ള വെള്ളമാണ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കുന്നത്. കുടിവെള്ള ക്ഷാമമുള്ളതിനാല്‍ പൊട്ടിയതും ചോര്‍ച്ചയുള്ളതുമായ പൈപ്പുകള്‍ അടിയന്തരമായി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.