
പാറപൊട്ടിച്ചത് നീക്കം ചെയ്യാൻ അനുമതി നൽകാൻ കൈക്കൂലി: രാമപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ പിടിയിൽ; ഒരു മാസത്തിനിടെ കൈക്കൂലിയുമായി കോട്ടയത്ത് പിടിയിലായത് രണ്ട് എസ് ഐ മാർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: വീട്ടുമുറ്റത്ത് പാറപൊട്ടിച്ചതിനു അനുമതി നൽകാൻ കൈക്കൂലി വാങ്ങിയ എ.എസ്.ഐ അറസ്റ്റിൽ. അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാമപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐയെ പൊലീസ് അറസ്റ്റ് ചെയ്തത്.
രാമപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ പെരുവ സ്വദേശി ബിജു കെ. ജെ യെ വിജിലൻസ് അറസ്റ്റ് ചെയ്തു. രാമപുരം സ്വദേശിയുടെ സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി പാറപൊട്ടിക്കുന്നതിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസ് ലഭിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊട്ടിച്ച പാറ കൊവിഡ് കാലയളവിൽ സ്ഥലം കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ പാസിന്റെ കാലാവധിക്കുള്ളിൽ നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് പാറ നീക്കം ചെയ്യുന്നതിന് രാമപുരം പൊലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിച്ചു.
തുടർന്ന് പൊലീസ് ബുദ്ധിമുട്ടക്കാതെ നോക്കികൊള്ളാമെന്ന് വാഗ്ദാനം ചെയ്തു എ.എസ്്.ഐ ബിജു പരാതിക്കാരനെ സമീപിക്കുകയായിരുന്നു. തുടർന്നു ബിജു കെ. ജെ ആദ്യം ആഗസ്റ്റ് 19 ന് 3,000/ രൂപ കൈക്കൂലി വാങ്ങി. തുടർന്നു, അയ്യായിരം രൂപ വീണ്ടും കൈക്കൂലിയായി ആവശ്യപ്പെട്ടു.
ഇതേ തുടർന്നു രാമപുരം സ്വദേശി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല, കോട്ടയം പൊലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന് പരാതി നൽകി.
തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല കോട്ടയം പൊലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഡി.വൈ.എസ്.പി. വി. ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്‌പെക്ടർമാരായ റെജി എം. കുന്നിപ്പറമ്പൻ, രാജേഷ് കെ.എൻ., നിസാം എസ്. ആർ., സജു എസ്. ദാസ്, മനോജ് കുമാർ കെ. ബി. , പ്രശാന്ത് കുമാർ എം. കെ., എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വിജിലൻസ് ഓഫീസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൌഡർ പുരട്ടിയ 5,000/ രൂപ പരാതിക്കാരനിൽ നിന്നും ചൊവ്വാഴ്ച രാത്രി 7.30 മണിയോട് കൂടി രാമപുരം പൊലീസ് സ്റ്റേഷന് സമീപമുള്ള അമ്പലം ജംഗ്ഷന് സമീപം വച്ച് കൈപ്പറ്റവേ വിജിലൻസ് സംഘം പ്രതിയെ പിടികൂടി.
കൈക്കൂലി തുക കണ്ടെടുത്തു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് വിജിലൻസ് സംഘം നടപടികൾ പൂർത്തീകരിച്ചത്. പ്രതിയെ നാളെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
രണ്ടാഴ്ച മുൻപ് കടുത്തുരുത്തി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അനിൽകുമാറിനെ കൈക്കൂലിയുമായി വിജിലൻസ് പിടികൂടിയിരുന്നു.