Spread the love

ഡൽഹി: സാമൂഹികമാധ്യമങ്ങളുടെ ദൂഷ്യവശങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെങ്കിലും സമൂഹത്തിന്റെ പുരോഗതിയിലും വികസനത്തിലും വലിയ പങ്കുവഹിക്കാനും പലപ്പോഴും സാമൂഹിക മാധ്യമങ്ങള്‍ വഴി തുറക്കാറുണ്ട്.

video
play-sharp-fill

സാമൂഹികമാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകളിലൂടെ ജീവിതം തിരികെ പിടിക്കാൻ സാധിച്ച നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ലോകത്തിൻറെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള പ്രതീക്ഷ നല്‍കുന്ന നിരവധി സംഭവങ്ങള്‍ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

അത്തരത്തില്‍ ഒരു സംഭവം കഴിഞ്ഞദിവസം സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. കാൻസർ രോഗബാധിതയായ ഭാര്യക്കൊപ്പം തെരുവില്‍ പാൻ കേക്ക് വില്പന നടത്തുന്ന ഒരു മനുഷ്യൻറെ ജീവിതം മാറ്റിമറിക്കാൻ ഒരുകൂട്ടം വിദ്യാർത്ഥികള്‍ തയ്യാറായ സംഭവമായിരുന്നു ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരുവ് കച്ചവടക്കാരനെ സഹായിക്കാൻ അയാളുടെ കടയിലേക്ക് സാധനം വാങ്ങിക്കുന്നതിനായി വിദ്യാർത്ഥികള്‍ കൂട്ടമായി എത്തുകയായിരുന്നു. അതോടെ കടയ്ക്കു മുൻപില്‍ ഒരു വലിയ ക്യൂ തന്നെ സൃഷ്ടിക്കപ്പെട്ടു എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ടില്‍ പറയുന്നത്.

തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ് ഇത്തരത്തില്‍ ഒരു നന്മ നിറഞ്ഞ പ്രവൃത്തിയിലൂടെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയത്. ഫുജൗവിലെ ഫുജിയാൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് സമീപം പാൻ കേക്ക് വില്പന നടത്തുന്ന 54 -കാരനായ ഹു വെയ്ഗുവാങ്ങിനെ സഹായിക്കാനാണ് വിദ്യാർത്ഥികള്‍ ഒരുമിച്ചിറങ്ങിയത്.

‘അങ്കിള്‍ ഫ്ലാറ്റ്ബ്രെഡ്’ എന്ന് വിദ്യാർത്ഥികള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഇദ്ദേഹത്തിൻറെ ഭാര്യക്ക് സ്തനാർബുദം ആണ്. അദ്ദേഹത്തിൻറെ ദുരവസ്ഥ വിദ്യാർത്ഥികള്‍ മനസ്സിലാക്കിയതോടെയാണ് ഓരോ ദിവസവും വിദ്യാർത്ഥികള്‍ കൂട്ടത്തോടെ കടയിലേക്ക് എത്തിത്തുടങ്ങിയത്.

ഓഗസ്റ്റില്‍ സ്തനാർബുദം കണ്ടെത്തിയ ഹുവിൻ്റെ ഭാര്യ ഹു ഗിയുവാൻ്റെ ചികിത്സയില്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാവോ യിംഗ് എന്ന വിദ്യാർത്ഥി സോഷ്യല്‍ മീഡിയയിലിട്ട ഒരു പോസ്റ്റാണ് വിദ്യാർത്ഥികള്‍ ഒന്നടങ്കം ഏറ്റെടുത്തത്.

ഭാര്യയുടെ ചികിത്സയ്ക്കായി ഒരു മാസം 10,000 യുവാൻ (1,400 യുഎസ് ഡോളർ) ഹുവിന് ആവശ്യമാണ്. ഗാവോയുടെ ഒക്ടോബർ 18 -ലെ ഓണ്‍ലൈൻ വീഡിയോ 30 ദശലക്ഷത്തിലധികം ആളുകള്‍ കാണുകയും 2.1 ദശലക്ഷത്തിലധികം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫുജിയാൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെയും സമീപത്തെ മറ്റ് യൂണിവേഴ്‌സിറ്റികളിലെയും വിദ്യാർത്ഥികള്‍ ഇപ്പോള്‍ ഫ്ലാറ്റ് ബ്രെഡ് വാങ്ങാൻ ഈ കടയ്ക്ക് മുൻപില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയാണ്.