
കർണാടകയിലെ ബെലഗാവിയിൽ ഇൻഷുറൻസ് തുകയായ രണ്ട് കോടി രൂപ തട്ടിയെടുക്കാൻ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. ആൺ സുഹൃത്തിന്റെയും ആശുപത്രി ജീവനക്കാരന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. ബെലഗാവി യമക്കനമാറാഡിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്ന് കരുതിയിരുന്ന മുൻ സൈനികൻ സന്ദീപ് മഞ്ചാരഗിയെ കൊലപ്പെടുത്തി എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഹുക്കേരിയിൽ നിന്ന് മടങ്ങവേ സന്ദീപിന് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. സന്ദീപിന് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഭാര്യ സുമയും അവരുടെ സുഹൃത്ത് ദോംബാർ എന്നയാളും ചേർന്ന് സന്ദീപിനെ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടുമുൻപ് അവിടത്തെ ജീവനക്കാരനെ സ്വാധീനിച്ച് സുമയും കൂട്ടുകാരനും ചേർന്ന് സന്ദീപിന് വിഷം നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. വീട്ടിലെത്തി വൈകാതെ സന്ദീപ് മരിച്ചു. ഇത് ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് സുമ എല്ലാവരെയും വിശ്വസിപ്പിച്ചത്. സംസ്കാരവും നടത്തി. എന്നാൽ അപ്രതീക്ഷിത മരണത്തിൽ സംശയം തോന്നിയ ചിലർ പൊലീസിൽ വിവരമറിയിച്ചതോടെയാണ് വിശദമായ അന്വേഷണം നടന്നത്. റീ പോസ്റ്റ് മോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തി. ഇതോടെയാണ് ഭാര്യയിലേക്ക് സംശയം നീണ്ടത്. ആശുപത്രി ജീവനക്കാരനെ ചോദ്യം ചെയ്തതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഇതോടെയാണ് പൊലീസ് സുമ, ആൺ സുഹൃത്ത് ദോംബാർ, ആശുപത്രി ജീവനക്കാരൻ എന്നിവരെ അറസ്റ്റ് ചെയ്തത്.






