Spread the love

 

കോട്ടയം: വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നടന്ന “അമ്മാളു കൊലക്കേസ് ” കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചത് ചിലരെങ്കിലും ഓർക്കുന്നുണ്ടായിരിക്കും .

video
play-sharp-fill

സമൂഹത്തിൽ വിലയും നിലയുമുള്ള ഒരു കോളേജ് പ്രൊഫസർ തന്റെ പ്രണയ സാഫല്യത്തിനായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവമായിരുന്നു അമ്മാളു കൊലക്കേസ്സ് . ഏകദേശം ഒരു മാസത്തോളം കേരളത്തിലെ പത്രമാദ്ധ്യമങ്ങളിലെ പ്രധാന തലക്കെട്ട് അമ്മാളു കൊലക്കേസിനെക്കുറിച്ചുള്ള വാർത്തകൾ മാത്രമായിരുന്നു എന്നറിയുമ്പോൾ ഈ കൊലക്കേസ് കേരളത്തിൽ സൃഷ്ടിച്ച പ്രകമ്പനം എത്രയായിരുന്നുവെന്ന് ഊഹിക്കാമല്ലോ ….?

വിവാദമായ ഈ സംഭവത്തെ ആസ്പദമാക്കി ജനപ്രിയ നോവലിസ്റ്റ്
കാനം ഇ.ജെ ഒരു നോവലെഴുതി. നോവലിന്റെ പേര്
“ഭാര്യ…”
ഈ സംഭവ കഥ ചലച്ചിത്രമാക്കിയാൽ സൂപ്പർ ഹിറ്റായി മാറുമെന്ന് കണക്ക്‌ കൂട്ടിയത് കച്ചവടത്തിൽ അട്ടയുടെ കണ്ണ് കണ്ട ഉദയായുടെ കുഞ്ചാക്കോയായിരുന്നു.
അങ്ങനെ കാനം ഇ.ജെ.യുടെ
“ഭാര്യ “എന്ന നോവൽ ഉദയ ചലച്ചിത്രമാക്കുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്കഥ എഴുതിയത് പ്രശസ്ത സാഹിത്യകാരൻ
പൊൻകുന്നം വർക്കി .
സത്യനും രാഗിണിയുമായിരുന്നു ചിത്രത്തിലെ നായികാ നായകന്മാർ .

ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന യു പി ഗ്രേസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പിന്നീട് യുവാക്കളുടെ ഹരമായി മാറിയ രാജശ്രീ എന്ന
തെലുഗു നടിയെ പ്രേക്ഷകർ മറന്നിട്ടുണ്ടാകില്ല.

ചതുരംഗത്തിലൂടെ ഗാനരചന രംഗത്ത് ഒന്നിച്ച വയലാർ-ദേവരാജൻ ടീമിന്റെ സംഗീത ജൈത്രയാത്ര ആരംഭിക്കുന്നത് മ്യൂസിക്കൽ ഹിറ്റായി മാറിയ ഭാര്യ എന്ന ചിത്രത്തിലൂടെയാണ്.
സിനിമ തുടങ്ങുന്നത് തന്നെ കേരളക്കരയെ കോരിത്തരിപ്പിച്ച

“പെരിയാറേ
പെരിയാറേ
പർവ്വതനിരയുടെ പനിനീരേ….”.

എന്ന എ.എം. രാജയും സുശീലയും പാടിയ
ഗാനത്തോടെ ആയിരുന്നു.

“പഞ്ചാരപ്പാലുമിഠായി …”
(യേശുദാസ് ,സുശീല ,രേണുക ) “കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു കണ്ണാടി മാളിക തീർത്തു … ”
(എസ്.ജാനകി )
“മനസ്സമ്മതം തന്നാട്ടെ
മധുരം കിള്ളി തന്നാട്ടെ …”
(എ.എം.രാജ , ജിക്കി )
“ലഹരി ലഹരി ലഹരി…”
(എ.എം.രാജ , ജിക്കി ) “മുൾക്കിരീടമിതെന്തിനു തന്നു ..”
(പി സുശീല )
” ദയാപരനായ കർത്താവേ …”
(യേശുദാസ് )
” ഓമനക്കൈയിലൊരൊലിവില ക്കമ്പുമായ് …”
( പി സുശീല )
“ആദം ആദം ആ കനി തിന്നരുത് …”
(യേശുദാസ് , പി സുശീല )
എന്നിവയായിരുന്നു ഭാര്യയിലെ മറ്റു പാട്ടുകൾ .

ഒരു കാലത്ത് തിയേറ്ററുകളിൽ ലഭിക്കുമായിരുന്ന സംഗീത പ്രേമികളുടെ ആവേശമായ
” സിനിമാപാട്ടുപുസ്തകം ” വില്പനയിൽ റെക്കോർഡിട്ടത് ഭാര്യയുടെ പേരിലായിരുന്നു.
മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയുടെ ശബ്ദരേഖ ഗ്രാമഫോൺ റെക്കോർഡിൽ പുറത്തിറയതും ഈ ചിത്രത്തിന്റെ ഒരു ചരിത്രനേട്ടമാണ് .

1962- ലെ ക്രിസ്തുമസിനോട നുബന്ധിച്ച് ഡിസംബർ 20-നാണ് “ഭാര്യ ” എന്ന ചലച്ചിത്രം തിയേറ്ററുകളിലെത്തി .

യുഗ്മഗാനങ്ങളുടെ മനോഹാരിത മലയാളികളുടെ മനസ്സിൽ ഒരു കുളിരുപോലെ പെയ്തിറങ്ങിയത് ഭാര്യയിലെ എക്കാലത്തെയും സൂപ്പർഹിറ്റായ

“പെരിയാറേ പെരിയാറേ
പര്‍വ്വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും മലയാളിപ്പെണ്ണാണ്‌ നീ..”

എന്ന സൂപ്പർഹിറ്റ് ഗാനത്തോടെയായിരുന്നെന്ന് തോന്നുന്നു .

വയലാർ രാമവർമ്മ എന്ന യുഗപ്രഭാവനായ കവിയുടെ മനോഹരമായ കൽപ്പനകൾ കൊണ്ട് നെയ്തെടുത്ത , കേരളത്തിൻ്റെ
പുണ്യനദിയായ പെരിയാർ
ഇന്ന് കേരളത്തിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.

അങ്ങകലെ
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമിളി പ്രദേശത്തുള്ള മുല്ലപ്പെരിയാർ അണക്കെട്ടാണ് ഇപ്പോൾ പെരിയാറിലൂടെ കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.

മയിലാടുംകുന്നില്‍ പിറന്ന്
പിന്നെ മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്ന് , നഗരം കാണാത്ത നാണം മാറാത്ത നാടന്‍പെണ്ണ് എന്ന് വയലാർ വിശേഷിപ്പിച്ച പെരിയാർ
തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിച്ച് വിവിധ പോഷകനദികൾ ചേർന്ന്
മുല്ലയാറായി പിന്നീട് പെരിയാറായിട്ടാണ് അറബിക്കടലിൽ ചെന്ന് ചേരുന്നത് .

പെരിയാർ നദിയിലെ വെള്ളം, അണക്കെട്ടു നിർമ്മാണത്തിലൂടെ ബംഗാൾ ഉൾക്കടലിലേക്കു തിരിച്ചുവിട്ടുകൊണ്ട് തമിഴ്നാട്ടിലെ കഠിനവരൾച്ചയനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളായ മധുര, രാമനാഥപുരം, ദിണ്ടിഗൽ, കമ്പം, തേനിമുതലായ പ്രദേശങ്ങൾക്ക്, ലഭ്യമാക്കാമെന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാന ലക്ഷ്യം .

പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു കൊണ്ട്
മലയാറ്റൂര്‍ പള്ളിയിലെ
പെരുന്നാള് കൂടി
ആലുവാ ശിവരാത്രിയും കണ്ട് മന്ദം മന്ദം ഒഴുകി കൊണ്ടിരിക്കുന്ന ,
പെരിയാർ പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ നദിയായതിനാൽ, അണക്കെട്ട് നിർമ്മാണത്തിന് അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയുടെ സമ്മതമാവശ്യമായിരുന്നു.

വിശാഖം തിരുനാൾ രാമവർമ്മയായിരുന്നു അന്നത്തെ തിരുവതാംകൂറിൻ്റെ ഭരണാധികാരി.
ബ്രിട്ടീഷുകാർ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ മുല്ലപെരിയാർ ഉടമ്പടിയിൽ ഒപ്പുവയ്പിക്കുകയായിരുന്നുവെന്നാണത്രേ ചരിത്രം പറയുന്നത്.

കരാർ ഇന്ത്യ സ്വതന്ത്രമാവുന്നതിനുമുമ്പു നിലവിൽവന്നതാണെന്നും
ഇന്ത്യ ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുംതമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും കരാറുകളും സ്വയമേവ റദ്ദായെന്നും കേരളം സുപ്രീംകോടതിയിൽ പല തവണ വാദിച്ചിരുന്നു.

“നാടാകെ തെളിനീരു നല്‍കേണം
നാടോടിപ്പാട്ടുകള്‍ പാടേണം
കടലില്‍ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം നിന്റെ കല്യാണമറിയിക്കേണം….”

എത്ര കേട്ടാലും മതിവരാത്ത എന്തൊരു സുന്ദരമായ കൽപ്പനകളാണ് വയലാർ ഈ ഗാനത്തിൽ വരച്ച് വെച്ചിരിക്കുന്നതെന്ന് നോക്കൂ…

നാടാകെ തെളിനീര് നൽകി പതഞ്ഞൊഴുകുന്ന ഈ പുണ്യനദിയിൽ
1887 – ൽ മുല്ലപ്പെരിയാർ എന്ന അണക്കെട്ടിന്റെ പണികൾ ആരംഭിച്ചു.
പൂർത്തിയായത് 1895-ലും …

ബ്രിട്ടീഷ് മിലിട്ടറിയിൽ എൻജിനീയറായിരുന്ന
ജോൺ പെനിക്യൂക്ക് ആയിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാന ശില്പി.

നിർമ്മിച്ച പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിൽ രണ്ടുതവണ ഒലിച്ചു പോയെങ്കിലും മൂന്നാമത്തെ തവണ പെനിക്യൂക്ക്
വിജയം കണ്ടു.
81, 30,000 രൂപ ചിലവായ ഈ അണക്കെട്ട് നിർമ്മാണത്തിനിടയിൽ ഏകദേശം 442 പേരാണത്രെ മൃതിയടഞ്ഞത്.

കേരളത്തെ കണ്ണീരണിയിച്ച വയനാട് ദുരന്തമാണ് വീണ്ടും മുല്ലപ്പെരിയാറിനെ കുറിച്ച് ഇത്രയും ഗഹനമായി ചിന്തിക്കുവാൻ ഈ ലേഖകന് വഴിയൊരുക്കിയത് .
ഒരു ഉരുൾപൊട്ടലിൽ സംഭവിച്ച ദുരന്തത്തിന്റെ കണ്ണീർ ചിത്രങ്ങൾ നമ്മൾ പ്രതീക്ഷിച്ചതിലും എത്രയോ ഭയാനകമായിരുന്നു .
ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള വഴികളെക്കുറിച്ച് നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വയനാടിന്റെ പുനരധിവാസത്തിനായി കേരളത്തിലേക്ക് ഒഴുകിയെത്തിയത് ഏകദേശം 100 കോടിയോളം രൂപയാണ്.
മനസ്സിൽ നന്മ വറ്റാത്ത എത്രയോ മനുഷ്യർ ഈ നാട്ടിലുണ്ടെന്ന് തിരിച്ചറിയുന്നത് തീർച്ചയായും ആശ്വാസകരം തന്നെ .

137 വർഷങ്ങൾക്കു മുമ്പ് വെറും 81,30,000 രൂപയ്ക്കാണ് മുല്ലപ്പെരിയാർ അണക്കെട്ട് പണിതീർത്തതെന്ന് ഓർക്കുക . അതിൻ്റെ 100 ഇരട്ടി കണക്കാക്കിയാൽ തന്നെ
810 ലക്ഷം രൂപ ചിലവാക്കിയാൽ
ഇതേ രീതിയിലുള്ള മറ്റൊരു പുതിയ അണക്കെട്ട് ഇപ്പോൾ കേരളത്തിൽ എത്രയും വേഗം നിർമ്മിക്കാൻ കഴിയും .

എന്ത് നിയമപരമായ പ്രശ്നങ്ങളാണ് കേരളത്തിൻ്റെ മണ്ണിൽ ഒരു പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിന് തടസ്സമായി നിൽക്കുന്നതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.
ഒരു ദുരന്തത്തിന് തടയിടാൻ നിയമത്തിനോ കോടതിക്കോ സർക്കാരുകൾക്കോ കഴിയില്ല എന്നുള്ളതാണ് സത്യം.

നീതിപൂർവമല്ലാത്ത കാലഹരണപ്പെട്ട നിയമങ്ങളെ ലംഘിക്കുവാൻ നമുക്ക് വഴികാട്ടിയായത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ് .
ചരിത്രപ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ പൊൻപുലരികളിലേക്ക് നടന്നടുത്തത്.

50 വർഷം ആയുസ്സ് പറഞ്ഞ ചുണ്ണാമ്പും സുർക്കിയും ചേർത്ത് നിർമ്മിച്ച ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഈ അണക്കെട്ട് തകർന്നാൽ കേരളത്തിൻ്റെ പകുതി ജില്ലകൾ നാമാവശേഷമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

ആയതിനാൽ എല്ലാ തർക്ക വിഷയങ്ങളും മാറ്റിവെച്ച് എത്രയും വേഗം കേരളത്തെ രക്ഷിക്കുക എന്ന ദൗത്യം ഏറ്റെടുക്കാൻ കേരള ഗവൺമെൻറ് മുന്നോട്ടു വരേണ്ടിയിരിക്കുന്നു .

സർക്കാരിന്റെ കയ്യിൽ പണമില്ലാതിരിക്കാം .
പക്ഷേ ലോകത്തെമ്പാടുമുള്ള സഹൃദയരായ മലയാളികൾ വിചാരിച്ചാൽ ഒരാഴ്ചകൊണ്ട് ഇതിനുള്ള മൂലധനം സ്വരൂപിക്കുവാൻ കഴിയുമെന്ന് വയനാട് തെളിയിച്ചു കഴിഞ്ഞതാണല്ലോ .
ആകാശത്തേക്ക് കണ്ണും നട്ട് ചിന്തിച്ചിരിക്കുവാൻ
നമുക്കിനി സമയമില്ല.
ഡമോക്ലസിന്റെ വാൾ പോലെ ഒരു ദുരന്തം കേരളത്തിന് മുകളിൽ തൂങ്ങിയാടുകയാണ്.

“പർവ്വതനിരയുടെ പനിനീര് ”
എന്ന് നമ്മുടെ പ്രിയപ്പെട്ട കവി വിശേഷിപ്പിച്ച പെരിയാർ കുളിരും കൊണ്ട് കുണുങ്ങി നടക്കുന്ന മനോഹരമായ കാഴ്ചകൾ എന്നും ഉണ്ടാകണമേ എന്ന പ്രാർത്ഥനയോടെ..