Spread the love

കാസർകോട്: ബദിയഡുക്ക മാർപ്പിനടുക്ക കൊലപാതകക്കേസിൽ മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി കാസർഗോഡ് പോലീസ്. പ്രതികളെ വെറും 16 മണിക്കൂറിനുള്ളിലാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ വാക്കുതർക്കമാണ് പിന്നീട് കൊലപാതകത്തിൽ അവസാനിച്ചത്. കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികൾ അതിർത്തി കടന്ന് കർണാടകയിൽ എത്തിയിരുന്നു. എന്നാൽ സമയോചിത ഇടപെടലിലൂടെ പിന്തുടർന്ന പ്രത്യേക അന്വേഷണസംഘം ഒടുവിൽ പുത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കുംബഡാജെ മയിൽത്തൊട്ടിയിലെ കിരൺ (30), കറുവത്തടുക്കയിലെ അഖിലേഷ് (25) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എഎസ്പി അച്യുത് അശോകിന്റെയും ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രത്യേക സംഘത്തിന്റെ അതിവേഗ നീക്കമാണ് മണിക്കൂറുകൾക്കകം പ്രതികളെ വളയാൻ സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു.

video
play-sharp-fill

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കുംബഡാഡെ സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക സ്വദേശിയുമായ 42കാരനായ സുരേഷ് കൊല്ലപ്പെട്ടത്. കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ വാക്കുതർക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് വഴിമാറിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഗ്രൗണ്ടിൽ ഉണ്ടായ വാക്കുതർക്കം പിന്നീട് ബാങ്ക് പരിസരത്തേക്ക് നീണ്ടു. സുരേഷിനെ ലക്ഷ്യമിട്ട് എത്തിയ പ്രതികൾ ഇയാളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുരേഷിനെ ആക്രമിച്ചതിന് പിന്നാലെ പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഇരുചക്രവാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ, സൈബർ പരിശോധന, മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. പ്രതികൾ അതിർത്തി കടന്നതായി സൂചന ലഭിച്ചതോടെ വിവിധ സംഘങ്ങളായി തിരിഞ്ഞ പൊലീസ് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകത്തിന് പിന്നാലെ പ്രതികൾ ഫോണുകൾ ഓഫാക്കിയതോടെ അന്വേഷണം വെല്ലുവിളിയായെങ്കിലും സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. ചിലയിടങ്ങളിൽ സിസിടിവിയിൽപ്പെടാതെ ദിശമാറി സഞ്ചരിച്ചെങ്കിലും സംശയമുള്ള വഴികളിൽ പ്രതികളെ പിന്തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഇരുവരെയും കർണാടകയിലെ പുത്തൂരിൽ നിന്ന് പിടികൂടിയത്. എസ്‌ഐമാരായ രൂപേഷ്, സുകുമാരൻ, പ്രസാദ്, സജീവൻ എന്നിവരും സിവിൽ പൊലീസ് ഓഫീസർമാരായ ഗോകുൽ, അനീഷ്, വർഗീസ്, ശ്രീജേഷ് എന്നിവരും ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിന്തുടർന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ കാസർകോട് ജില്ലയിൽ നടന്ന പ്രധാന കൊലപാതക കേസുകളായ നുള്ളിപ്പാടി ആളൊഴിഞ്ഞ കെട്ടിടത്തിലെ കൊലപാതകവും സീതാംഗോളിയിലെ പട്ടാപ്പകൽ കൊലപാതകത്തിലും ഉൾപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കകം ജില്ലാ പോലീസ് മേധാവിയുടെ കുറ്റാന്വേഷണ സ്‌ക്വാഡിന്റെ സഹായത്തോടെ പിടികൂടിയിരുന്നു. പൂച്ചക്കാട് 45 പവൻ സ്വർണം കവർന്ന തമിഴ്നാട് സ്വദേശിയെ കണ്ടെത്തിയതിലും സ്ക്വാഡ് സംഘങ്ങളുടെ നീക്കങ്ങൾ നിർണായകമായിരുന്നു.