
അയോധ്യ രാമക്ഷേത്രക്കൊള്ളയില്‍ സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ.
സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്കുള്‍പ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാൻ ബാധ്യസ്ഥനാണെന്നും പിണറായി വിജയൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സംഭാവനകളില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ വാർത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നതെന്നും പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാൻ ട്രസ്റ്റിനും അതിന് നേതൃത്വം നല്‍കുന്നവർക്കും ബാധ്യതയുണ്ട്. സംഘപരിവാർ സംഘടനകളുടെ ഉന്നതങ്ങളില്‍ ബന്ധമുള്ളവരാണ് ട്രസ്റ്റിമാരെന്നും തട്ടിപ്പില്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.






