
ഓണ്‍ലൈൻ ഷെയർ ട്രേഡിംഗിന്‍റെ പേരില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയില്‍നിന്ന് 16.6 ലക്ഷം രൂപ തട്ടിയ കേസില്‍ കാസർഗോഡ് സ്വദേശിയായ മൂന്നാം പ്രതി അറസ്റ്റില്‍. പരാതിക്കാരനില്‍നിന്ന് തന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്ക് വഴി പിൻവലിച്ച കാസർഗോഡ് മൊഗ്രാല്‍ പുത്തൂർ സ്വദേശി നിസാമുദീൻ (35) ആണ് പിടിയിലായത്. ഇയാളെ ആലപ്പുഴ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
പരാതിക്കാരനെ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ്ങ് കമ്ബനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പരാതിക്കാരനെക്കൊണ്ട് വ്യാജ ഷെയർ ട്രേഡിങ്ങ് ആപ്ലിക്കേഷൻ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യിപ്പിച്ച് ഇതില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും അതിനുശേഷം ആപ്ലിക്കേഷന്റെ ഉപയോഗത്തെ കുറിച്ചും ട്രേഡിംഗിനെ കുറിച്ചും സ്ക്രീൻ ഷോട്ടുകള്‍ മുഖേന പഠിപ്പിക്കുകയും ചെയ്ത് പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്ത ശേഷം ഈ വ്യാജ ആപ്പിലൂടെ പ്രതികള്‍ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനില്‍ നിന്നും പണമയച്ചു വാങ്ങുകയും ചെയ്തു.
രണ്ടു മാസത്തിനിടയില്‍ ഇത്തരത്തില്‍ 16.6 ലക്ഷം രൂപയാണ് പരാതിക്കാരൻ പ്രതികള്‍ക്ക് അയച്ചുകൊടുത്തത്. അയച്ചുകൊടുത്ത പണം വ്യാജ ആപ്പിലെ പരാതിക്കാരന്റെ അക്കൗണ്ടില്‍ ലാഭം സഹിതം പ്രദർശിപ്പിച്ചിരുന്നുവെങ്കിലും ഇതില്‍ നിന്നും പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോള്‍ പരാതിക്കാരൻ ഇതേക്കുറിച്ചു അന്വേഷിക്കുകയും പണം തിരികെ ലഭിക്കാൻ ഇനിയും കൂടുതല്‍ പണമടയ്ക്കണമെന്നു തട്ടിപ്പുകാർ അറിയിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലില്‍ പരാതി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 10 നു ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തില്‍ പരാതിക്കാരന് നഷ്ടമായ തുകയില്‍ 1,00, 000 രൂപ അറസ്റ്റിലായ പ്രതി തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയച്ചു വാങ്ങിയതായും ചെക്ക് ഉപയോഗിച്ച് പിൻവലിച്ചിട്ടുള്ളതായും കണ്ടെത്തി. ചെക്ക് വഴി പിൻവലിച്ച പണം കാസർഗോഡ് സ്വദേശിയായ സുഹൃത്തിനു കൈമാറിയതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഈ കേസിലേക്ക് മറ്റ് രണ്ടു പ്രതികളെ ആലപ്പുഴ സൈബർ ക്രൈം പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലേക്ക്‌ഐപി അഡ്രസ്സുകള്‍ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു.








