പരിശോധനയ്ക്കായി സ്വീകരിച്ച 2500 സാമ്പിളുകളിൽ 2000 പേർക്കും നൽകിയത് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് ; പരിശോധനയ്ക്ക് ഒരാളിൽ നിന്നും ഫീസായി വാങ്ങിയത് 2750 രൂപ ; വളാഞ്ചേരി അർമ ലാബ് തട്ടിയെടുത്തത് 55 ലക്ഷം രൂപയെന്ന് പൊലീസ് : കോവിഡ് കാലത്തെ കണ്ണിച്ചോരയില്ലാത്ത തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ
സ്വന്തം ലേഖകൻ
മലപ്പുറം: കോവിഡ് കാലത്ത് വ്യാജ പരിശോധന സർട്ടിഫിക്കറ്റ് നൽകി വളാഞ്ചേരിയിലെ അർമ ലാബ് തട്ടിയെടുത്തത് 55 ലക്ഷം രൂപ. കോവിഡ് പരിശോധനയ്ക്കായി 2500 സാമ്പിളുകളാണ് സ്വീകരിച്ചത്.
പരിശോധനയ്ക്കായി സ്വീകരിച്ച സാമ്പിളുകളിൽ 496 എണ്ണം മാത്രമെ പരിശോധിച്ചിട്ടുള്ളൂ. ഇവിടെ നിന്നും നൽകിയ ബാക്കി രണ്ടായിരത്തിലധികം ആളുകൾക്ക് നൽകിയത് വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനയ്ക്കായി ഒരാളിൽ നിന്നും ഫീസായി സ്വീകരിച്ചത് 2750 രൂപയും.പരിശോധനയ്ക്കായി കോഴിക്കോട് മൈക്രോ ലാബുമായി സഹകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.
എന്നാൽ ശേഖരിക്കുന്ന സാമ്പിളുകൾ വളാഞ്ചേരിയിലെ ലാബിൽ വെച്ച് തന്നെ നശിപ്പിക്കുകയായിരുന്നു. പകരം വ്യാജസർട്ടിഫിക്കറ്റുകൾ നൽകുകയായിരുന്നു.ഇവിടെ നിന്നും 496 സാമ്പിളുകൾ മാത്രമാണ് കോഴിക്കോട് മൈക്രോ ലാബിലേക്ക് അയച്ചത്.
അർമ ലാബിൽ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെ വിദേശത്തേക്ക് പോയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
ഈ മാസം 14ന് പെരിന്തൽമണ്ണ തൂത സ്വദേശി അബ്ദുൽ അസീസിന്റെ സ്രവം അർമ ലാബിൽ ശേഖരിച്ചിരുന്നു. അടുത്ത ദിവസം ഫലം വാങ്ങാനെത്തിയ അസീസിന് മൈക്രോ ഹെൽത്ത് ലാബിലെ സൈറ്റിൽ കയറി നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സർട്ടിഫിക്കറ്റ് തിരുത്തി നൽകുകയാണ് ചെയ്തത്. എന്നാൽ അടുത്ത ദിവസം ആരോഗ്യ വകുപ്പിൽ കോവിഡ് സ്ഥീരീകരിച്ച വിവരം അസീസിനെ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന വിവരം അസീസ് അറിയുന്നത്. അർമ ലാബിൽ നിന്നും ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റുമായി നിരവധി പേർ ഇതിനോടകം തന്നെ വിദേശത്തേക്ക് പോയിട്ടുണ്ട്. ഇവരിൽ ചിലർക്ക് അവിടെയെത്തിയ ഉടൻ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെയാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്. ഇതിന് പിന്നാലെ പൊലീസ് ലാബിനെതിരെ കേസെടുക്കുകയും ലാബ് അടച്ചുപൂട്ടുകയുമായിരുന്നു.
അതേസമയം അർമ ലാബിന്റെ തട്ടിപ്പുകൾ തങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് മൈക്രോ ലാബ് അധികൃതർ വ്യക്തമാക്കുന്നത്. തട്ടിപ്പ് പുറത്തായതോടെ മൈക്രോലാബിന്റെ സർട്ടിഫിക്കറ്റുകളും അംഗീകരിക്കേണ്ടതില്ലെന്ന നിർദ്ദേശം എയർലൈൻ കമ്പനികൾക്ക് നൽകിയിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെടട്ട് അർമലാബിന്റെ നടത്തിപ്പുകാരിലൊരാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ബാക്കി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ല.
ഇവരുടെ രോഗം ഭേദമാകുന്ന മുറക്ക് അവരെയും അറസ്റ്റ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒപ്പം ഓഗസ്റ്റ് 16ന് ശേഷം അർമ ലാബിൽ നിന്നും പരിശോധന നടത്തിയവർ വളാഞ്ചേരി പൊലീസുമായി ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.