Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ലൈംഗിക പീഡന പരാതികളില്‍ പൊലീസ് തിരയുന്ന പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റായ എറണാകുളം ചക്കരപ്പറമ്പ് സ്വദേശി അനീസ് അന്‍സാരി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

തനിക്കെതിരെയുള്ള പരാതികള്‍ കെട്ടിച്ചമച്ചതാണെന്ന വാദമുന്നയിച്ചാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. പരാതികള്‍ ഉയര്‍ന്നതോടെ അനീസ് ദുബായിലേക്കു കടന്നെന്ന് അഭ്യൂഹം പരന്നെങ്കിലും വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പാസ്‌പോര്‍ട്ട് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ വിദേശത്തേക്ക് പോയിട്ടില്ലെന്ന് വ്യക്തമായിരുന്നു. അനീസിനെ കണ്ടെത്താനാകാതെ വന്ന പൊലീസ് ഇയാളുടെ ബന്ധുവിനെയും സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇന്നു രാവിലെയോടെ അവരെ വിട്ടയച്ചു.

അനീസ് അന്‍സാരിക്കെതിരെ മൊത്തം ഏഴ് കേസുകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലഭിച്ച പരാതികളില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

വിവാഹദിനത്തില്‍ മേക്കപ്പിന് വന്നപ്പോള്‍ അനീസ് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന വിദേശ മലയാളി യുവതി കഴിഞ്ഞ ദിവസം നല്‍കിയ പരാതിയില്‍ പറയുന്നത്. അനീസിനെതിരെ മറ്റ് പരാതികള്‍ ഉയര്‍ന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയില്‍ പറയുന്നു.

ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്നും യുവതി പരാതിയില്‍ വെളിപ്പെടുത്തി. ഇമെയില്‍ വഴി അയച്ച പരാതി ആദ്യം രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചുവെങ്കിലും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.