Spread the love

കൊല്ലം : മകളുടെ ഭർത്താവിനെ ആസിഡ് ഒഴിച്ചശേഷം വെട്ടിക്കൊന്ന കേസില്‍ പിതാവിന് ജീവപര്യന്തം കഠിനതടവ്. അഞ്ചല്‍ കോട്ടുക്കല്‍ ആലംകോട് രാഗേഷ് ഭവനില്‍ രാഗേഷിനെ (33) കൊന്ന കേസിലാണ് കല്ലുവാതുക്കല്‍ നടയ്ക്കല്‍ ചേരിയില്‍ ഉത്രംവീട്ടില്‍ അരവിന്ദനെ (63) ശിക്ഷിച്ചത്.

video
play-sharp-fill

ഒരുലക്ഷം രൂപ പിഴയൊടുക്കാനും ഉത്തരവായി. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്.

2018 ജനുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ മകള്‍ ആതിര ആദ്യവിവാഹം വേർപെടുത്തിയശേഷം 2015-ല്‍ രാഗേഷിനെ വിവാഹം ചെയ്തു. രാഗേഷിന്റെ ആദ്യവിവാഹമായിരുന്നു. വിവാഹാലോചനാവേളയില്‍ രാഗേഷിന് തൊഴില്‍ കണ്ടെത്താൻ പ്രതി സാമ്ബത്തികസഹായം വാഗ്ദാനം ചെയ്തിരുന്നു. വിവാഹശേഷം അതില്‍നിന്നു പിന്മാറിയതിനെ തുടർന്ന് ഇരുവരും സ്വരച്ചേർച്ചയിലായിരുന്നില്ല. പ്രതിയുടെ വീട്ടില്‍ പോയ ഭാര്യ ആതിരയും കുഞ്ഞും മടങ്ങിവരാത്തതിനെ തുടർന്ന് രാഗേഷ് സംഭവദിവസം അവരെ അന്വേഷിച്ചെത്തിയപ്പോള്‍ മുൻവിരോധം വെച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബ്ബർഷീറ്റ് വ്യാപാരിയായ അരവിന്ദൻ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഫോമിക് ആസിഡ് രാഗേഷിന്റെ മുഖത്തും ദേഹത്തും ഒഴിച്ചു. പ്രാണരക്ഷാർഥം പുറത്തേക്കോടി വാട്ടർ ടാങ്കില്‍നിന്ന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നപ്പോള്‍ ചുറ്റികയും വെട്ടുകത്തിയുമായെത്തി അടിച്ചും കാലില്‍ വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. എട്ടാം സാക്ഷിയായ ഭാര്യ ആതിരയും കൃത്യം കണ്ട അയല്‍ക്കാരും പ്രതിക്ക് അനുകൂലമായി കോടതിയില്‍ കൂറുമാറിയിരുന്നു.

രാഗേഷ് അത്യാസന്നനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മജിസ്ട്രേറ്റിന് നല്‍കിയ മരണമൊഴിയാണ് നിർണായകമായത്. 2018 ഏപ്രില്‍ 22-നാണ് രാഗേഷ് മരിച്ചത്. പാരിപ്പള്ളി പോലീസ് അന്വേഷിച്ച്‌ കുറ്റപത്രം ഹാജരാക്കിയ കേസ് അന്വേഷിച്ചത് പോലീസ് ഇൻസ്പെക്ടർമാരായിരുന്ന എസ്.ഷെരീഫ്, പി.രാജേഷ് എന്നിവരാണ്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കല്‍ ഹാജരായി. എ.എസ്.ഐ. രഞ്ജുഷ പ്രോസിക്യൂഷൻ സഹായിയായി.