video
play-sharp-fill

അമ്മയെ ഇറക്കിവിട്ട മകനെ വീട്ടിൽ നിന്നിറക്കി കോടതി: കോടതി ഉത്തരവുമായി എത്തിയപ്പോൾ വീട് തുറന്നില്ല: പൂട്ടുപൊളിച്ച് അമ്മയെ അകത്തു കയറ്റി പോലീസ്

അമ്മയെ ഇറക്കിവിട്ട മകനെ വീട്ടിൽ നിന്നിറക്കി കോടതി: കോടതി ഉത്തരവുമായി എത്തിയപ്പോൾ വീട് തുറന്നില്ല: പൂട്ടുപൊളിച്ച് അമ്മയെ അകത്തു കയറ്റി പോലീസ്

Spread the love

തിരൂരങ്ങാടി: മകൻ ഇറക്കിവിട്ട വയോധികക്ക് ഹൈകോടതി ഉത്തരവില്‍ വീട് തിരികെ ലഭിച്ചു. തൃക്കുളം അസലപ്പടി സ്വദേശി പരേതനായ തണ്ടശ്ശേരി വീട്ടില്‍ കുമാരന്റെ ഭാര്യ രാധക്കാണ് (78) കോടതി ഉത്തരവ് തുണയായത്.

ഇവരുടെ സ്ഥലത്ത് ഏക മകന്‍ സുരേഷ് കുമാര്‍ പണിത വീടാണ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തെയും പുറത്താക്കി അമ്മക്ക് തിരികെ ലഭ്യമാക്കിയത്.

മകന്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടതോടെ രാധ ആര്‍.ഡി.ഒയെ സമീപിക്കുകയും ആര്‍.ഡി.ഒ രാധക്ക് അനുകൂലമായി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത് മകന്‍ ജില്ല കലക്ടറെ സമീപിച്ചു. 2023ല്‍ കലക്ടറുടെ ഉത്തരവും രാധക്ക് അനുകൂലമായതോടെ മകന്‍ ഹൈകോടതിയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025ല്‍ കോടതി ഉത്തരവും രാധക്ക് അനുകൂലമായി. കഴിഞ്ഞ മാസം 28ന് തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ. സാദിഖിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി രാധക്ക് വീട് ലഭ്യമാക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ സമയം വേണമെന്ന മകന്റെ ആവശ്യം പരിഗണിച്ച്‌ അഞ്ചു ദിവസം അനുവദിച്ചു.

ഇന്നലെ ഉച്ചക്കുശേഷം സബ് കലക്ടര്‍ ദിലീപ് കെ. കൈനിക്കരയുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എസ്.ഐ ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസും വീട്ടിലെത്തി. തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രാധയുടെ പേരമകള്‍ വാതില്‍ തുറന്നില്ല. ഇതോടെ പൂട്ട് പൊളിച്ച്‌ അകത്തുകയറിയാണ് ഉദ്യോഗസ്ഥർ രാധയെ വീട്ടിലേക്ക് കയറ്റിയത്.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് വിദ്യാർഥിനിയായ 19കാരിയെ അറസ്റ്റ് ചെയ്തു. ശാരീരിക-മാനസിക പീഡനത്തെത്തുടർന്ന് ഏഴ് വര്‍ഷത്തോളമായി മകളുടെ വീട്ടിലാണ് താൻ താമസിച്ചിരുന്നതെന്നും വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കാത്ത എല്ലാ മക്കള്‍ക്കും ഇതൊരു പാഠമാണെന്നും രാധ പറഞ്ഞു.

തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖ്, എല്‍.ആര്‍ തഹസില്‍ദാര്‍ എന്‍ മോഹനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ. സുലൈമാന്‍, കെ.പി. ഗോവിന്ദന്‍കുട്ടി തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.