വെജിറ്റേറിയനായ യാത്രക്കാരനോട് നോൺ വെജ് കഴിക്കാൻ ആവശ്യപ്പെട്ടു; 85 കാരൻ വിമാനത്തിൽ ശ്വാസം മുട്ടി മരിച്ചു; ഖത്തര്‍ എയര്‍വേയ്‌സിനെതിരെ നിയമനടപടി

Spread the love

കാലിഫോർണിയ: വിമാനയാത്രയ്ക്കിടെ വെജിറ്റേറിയൻ ഭക്ഷണം ലഭിക്കാതെ വന്നതോടെ ഇറച്ചി അടങ്ങിയ ഭക്ഷണം കഴിക്കേണ്ടിവന്ന 85-കാരനായ യാത്രക്കാരൻ ശ്വാസംമുട്ടി മരിച്ചു. ദക്ഷിണ കാലിഫോർണിയയിലെ വിരമിച്ച കാർഡിയോളജിസ്റ്റ് ഡോ. അശോക ജയവീരയാണ് വിമാനത്തില്‍ വെച്ച്‌ മരണപ്പെട്ടത്.

2023 ജൂൺ 30-ന് ലോസ് ഏഞ്ചൽസിൽ നിന്ന് കൊളംബോയിലേക്കുള്ള ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് സംഭവം നടന്നത്. 15.5 മണിക്കൂർ ദൈർഘ്യമുള്ള ഈ യാത്രയ്ക്കായി ഡോ. ജയവീര മുൻകൂട്ടി വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. എന്നാൽ, വിമാന ജീവനക്കാർക്ക് ആ ഭക്ഷണം നൽകാൻ സാധിച്ചില്ല. പകരമായി, ഇറച്ചി അടങ്ങിയ സാധാരണ ഭക്ഷണമാണ് നൽകിയതും അതിലെ ഇറച്ചി മാറ്റി കഴിക്കാൻ  നിർദ്ദേശിക്കുകയും ആയിരുന്നു.

എന്നാൽ, ഇറച്ചി മാറ്റി കഴിക്കാൻ ശ്രമിക്കുന്നതിനിടെ ജയവീരക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ബോധരഹിതനാവുകയും ചെയ്തു. വിമാനത്തിലെ ജീവനക്കാർ വൈദ്യസഹായം നല്‍കാൻ ശ്രമിക്കുകയും ‘മെഡ്‌എയറില്‍’ (MedAire) നിന്നുള്ള വിദൂര മെഡിക്കല്‍ ഉപദേഷ്ടാക്കളുമായി ബന്ധപ്പെടുകയും ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ നില വഷളായി. തുടർന്ന്, വിമാനം സ്കോട്ട്ലൻഡിലെ എഡിൻബർഗില്‍ അടിയന്തരമായി ഇറക്കി. ഡോ. ജയവീരയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 2023 ഓഗസ്റ്റ് 3-ന് മരണം സ്ഥിരീകരിച്ചു. ഭക്ഷണത്തിന്റെയോ ദ്രാവകത്തിന്റെയോ അംശം അബദ്ധത്തില്‍ ശ്വാസകോശത്തില്‍ പ്രവേശിച്ചതുമൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയായ ആസ്പിരേഷൻ ന്യൂമോണിയ ആയിരുന്നു മരണകാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണ വിതരണത്തില്‍ വന്ന അശ്രദ്ധയും  അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണത്തിലെ വീഴ്ചയും ആരോപിച്ച്‌ ജയവീരയുടെ മകൻ സൂര്യ ജയവീര ഖത്തർ എയർവേയ്‌സിനെതിരെ ‘തെറ്റായ മരണത്തിന്’ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. നഷ്ടപരിഹാരമായി നിയമപരമായ ഏറ്റവും കുറഞ്ഞ തുകയായ 128,821 ഡോളറാണ് (ഏകദേശം 1.07 കോടി രൂപ) മകൻ ആവശ്യപ്പെടുന്നത്.

ഖത്തറും അമേരിക്കയും അംഗങ്ങളായ മോണ്‍ട്രിയല്‍ കണ്‍വെൻഷൻ എന്ന അന്താരാഷ്ട്ര ഉടമ്ബടി പ്രകാരമാണ് കേസ്. വിമാനത്തില്‍ വെച്ചുണ്ടാകുന്ന മരണങ്ങള്‍ക്കും പരിക്കുകള്‍ക്കുമുള്ള നഷ്ടപരിഹാരം ഏകദേശം 175,000 ഡോളറായി ഈ ഉടമ്ബടി പരിമിതപ്പെടുത്തുന്നു. ഈ വിഷയത്തില്‍, ഖത്തർ എയർവേയ്‌സ് കുടുംബത്തെ അനുശോചനം അറിയിക്കുകയും അധികൃതരുമായി സഹകരിച്ച്‌ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് അറിയിച്ചു.

യാത്രക്കാരുടെ ഭക്ഷണ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വിമാനക്കമ്പനികൾ കാണിക്കുന്ന വീഴ്ചകളെക്കുറിച്ച്‌ ഈ സംഭവം ഗൗരവമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. ഖത്തർ എയർവേയ്‌സിൽ ഇതാദ്യമായല്ല ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വർഷം, ഗുരുതരമായ നട്സ് അലർജിയുള്ള ബ്രിട്ടീഷ് റിയാലിറ്റി താരം ജാക്ക് ഫൗളർക്ക് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ നട്സ് ചേർത്ത കറി നല്‍കിയതിനെ തുടർന്ന്  അപകടകരമായ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും, അതുപോലെ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ സീഫുഡ് അലർജിയുള്ള ഒരുസ്ത്രീക്ക് ചെമ്മീൻ നല്‍കിയതിനെ തുടർന്ന് വിമാനം പാരീസിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടതുമായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.